ഉരുള്‍പൊട്ടല്‍; മുണ്ടക്കൈ ഒറ്റപ്പെട്ടു; അകത്തു കടക്കാനാകാതെ രക്ഷാപ്രവര്‍ത്തകര്‍

Update: 2024-07-30 04:30 GMT

മേപ്പാടി: മുണ്ടക്കൈയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈ അട്ടമല പ്രദേശത്തേക്കുള്ള ഏക പാലമായ ചൂരല്‍മല പാലവും പ്രധാന റോഡും തകര്‍ന്നതോടെ ഇവിടെനിന്നുള്ള ഒരു വിവരങ്ങളും ലഭിക്കാനാകാത്ത സാഹചര്യമാണുള്ളത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രദേശത്തേക്ക് കടക്കാനോ ആളുകളെ പുറത്തെത്തിക്കാനോ ആയിട്ടില്ല. നിലവില്‍ 250 അംഗ എന്‍ഡിആര്‍എഫ് സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവര്‍ത്തനമാണ് നയിക്കുന്നത്.

ചൂരല്‍മലയില്‍ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരല്‍പ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താല്‍ക്കാലിക പാലം നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം വ്യോമമാര്‍ഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. രക്ഷാദൗത്യം പ്രതിസന്ധിയിലാണ്. സൈന്യം എത്തിയാല്‍ ഇവിടെ താല്‍ക്കാലിക പാലം നിര്‍മിക്കാനാണ് നീക്കം.

കുത്തിയൊലിച്ചു വരുന്ന പുഴയിലൂടെ രക്ഷാപ്രവര്‍ത്തനം ശ്രമകരമായതിനാല്‍ ഹെലികോപ്റ്റര്‍ എത്തിക്കാനും സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എയര്‍ലിഫ്റ്റിന്റെ സാധ്യത പരിശോധിക്കാന്‍ സുളൂരില്‍നിന്ന് വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ അല്പസമയത്തിനകം വയനാട്ടിലെത്തും. അതേസമയം, പ്രദേശത്ത് കനത്തമഴ തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായാല്‍ ഹെലികോപ്റ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പരിമിതിയുണ്ടായേക്കും.



Tags: