മലാദ് കെട്ടിടസമുച്ചയം തകര്‍ന്ന സംഭവം: മുംബൈ ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2021-06-12 07:08 GMT

മുംബൈ: മുംബൈയിലെ മലാദില്‍ ബഹുനില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബോംബെ ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്നാണ് മലാദ് വെസ്റ്റിലെ ന്യൂ കലക്ടര്‍ കോംപൗണ്ടിലുള്ള കെട്ടിടം തകര്‍ന്നുവീണത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.10 ഓടെയാണ് സംഭവം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

സപ്തംബര്‍ 21, 2020ല്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അന്നത്തെ അപകടത്തില്‍ 38 പേര്‍ മരിച്ചിരുന്നു. കെട്ടിടം തകര്‍ന്ന് അപകടം പതിവായ സാഹചര്യത്തില്‍ നിരവധി പേര്‍ പൊതുതാല്‍പ്പര്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

മുംബൈയിലെ പഴയതും അനധികൃതവുമായ കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ അന്ന് ഹൈക്കോടതി ഉത്തവിട്ടിരുന്നു. തകര്‍ച്ചയുടെ വക്കിലായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ഉത്തരാവദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ കൃത്യമായി ജോലി ചെയ്തിരുന്നെങ്കില്‍ ഇത്തരം മരണങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.

ബോംബൈ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ജെ പി ദിയോധറാണ് അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍. മലാദിലെ കെട്ടിടം തര്‍ന്ന സംഭവത്തിലും കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കെട്ടിടത്തില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ കഴിയാതിരുന്നതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കണമെന്ന് 2021 ഏപ്രിലില്‍ കോടതി ഉത്തരവിട്ടിരുന്നു. തകര്‍ന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്ന് കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ കോര്‍പറേഓഷന്‍ ഒഴിപ്പിച്ചു. മുംബൈയില്‍ ബുധനാഴ്ച പകല്‍ മുഴുവന്‍ കനത്ത മഴയായിരുന്നു. 

Tags:    

Similar News