മുംബൈയില്‍ കൊവിഡിനെ തുരത്താന്‍ സ്മാര്‍ട്ട് ഹെല്‍മെറ്റ്
യുഎഇയിലാണ് ഇതാദ്യമായി സാങ്കേതിക മികവുള്ള സ്മാര്‍ട് ഹെല്‍മറ്റ് വിപണിയില്‍ എത്തിയത്.
മുംബൈ: ഒരു മിനിറ്റില്‍ 200 പേരുടെ തെര്‍മല്‍ സ്‌ക്രീനിങ് ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ഹെല്‍മെറ്റ് പദ്ധതിയുമായി മുംബൈ. മുംബൈയിലെ കണ്ടൈന്റ്‌മെന്റ് സോണുകളില്‍ മിഷന്‍ സീറോ ലക്ഷ്യമിട്ടാണ് ഈ പുതിയ നീക്കം. സംസ്ഥാനത്ത് കൊവിഡ് ആശങ്ക വര്‍ധിക്കുന്നതിനിടെ വൈറസ് വ്യാപനം കുറക്കുന്നതിന് ഭാഗമായി കണ്ടത്തിയ മാര്‍ഗമാണ് സ്മാര്‍ട്ട് ഹെല്‍മെറ്റ്
വ്യക്തികളുടെ ശരീരത്തിലെ ഊഷ്മാങ്കരേഖ ഞൊടിയിടകൊണ്ട് ഹെല്‍മെറ്റ് വഴി കയ്യിലുള്ള സ്മാര്‍ട്ട് വാച്ചിലെത്തും. ഒരു സെക്കന്‍ഡില്‍ 13 -14 പേരുടെ സ്‌ക്രീനിങ് അനായാസേന ഈ രീതിവഴി നടത്താന്‍ കഴിയുന്നുണ്ട്. ഒരു സ്മാര്‍ട്ട് ഹെല്‍മെറ്റിന്റെ വില 8045 ഡോളറാണ് അതായത് ഏകദേശം 6 ലക്ഷം ഇന്ത്യന്‍ രൂപ.
ഹെല്‍മറ്റിലെ ക്യാമറാ സെന്‍സര്‍ ശേഖരിക്കുന്ന താപനിലയുടെ വിവരങ്ങള്‍ സ്മാര്‍ട്ട് വാച്ചില്‍ ഉടനടി വെളിപ്പെടുത്തുന്നതിനാല്‍ ഒരേസമയം നിരവധിയാളുകളെ സ്‌ക്രീന്‍ ചെയ്യുക എളുപ്പമാണ്. ഹെല്‍മെറ്റ് ഉപയോഗിച്ച് സ്പര്‍ശിക്കാതെ തന്നെ രോഗികളെ കണ്ടെത്താന്‍ കഴിയും. കൂടാതെ, സുരക്ഷാ മികവോടെ ആളുകളുടെ പോക്കുവരവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. യുഎഇയിലാണ് ഇതാദ്യമായി സാങ്കേതിക മികവുള്ള സ്മാര്‍ട് ഹെല്‍മറ്റ് വിപണിയില്‍ എത്തിയത്. സ്മാര്‍ട്ട് ഹെല്‍മെറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം പൂജ്യത്തിലെത്തിക്കുക എന്നതാണ് ഈ അതിവേഗ സ്‌ക്രീനിങിലൂടെ ലക്ഷ്യമിടുന്നത്.
