മുംബൈ കൊറോണ ആശുപത്രിയിലെ തീപിടിത്തം; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മരിച്ചവരുടെ കുടുംബത്തോട് മാപ്പ് ചോദിച്ചു

Update: 2021-03-26 14:14 GMT

മുംബൈ:  മുംബൈ കൊറോണ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മാപ്പ് ചോദിച്ചു. മരിച്ചവരുടെ കുടംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിച്ചു. ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രോഗികള്‍ മരിച്ചതില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ടി ബംഗ്ലാദേശില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കൊവിഡ് ആശുപത്രിക്ക് തീപിടിച്ച് നിരവധി പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തത്.

ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മുംബൈ അഗ്നിശമന വകുപ്പ് അറിയിച്ചു. കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന 70 രോഗികളെ അപകടം നടന്ന ഡ്രീംസ് ആശുപത്രിയില്‍ നിന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

മുംബൈയിലെ ഭന്‍ഡൂപില്‍ ഡ്രീംസ് മാള്‍ സണ്‍റൈസ് ആശുപത്രിയിലിലെ നാലാം നിലയിലാണ് തീപിടിച്ചത്.

തീപിടിച്ച ആശുപത്രിയില്‍ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്തിയ അഗ്നിശമനസേനയുടെ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും അവരോട് നന്ദി പറയുകയും ചെയ്തു. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ട പല കൊവിഡ് രോഗികളും വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്.

മാളിലെ ഒരു കടയിലാണ് തീ ആദ്യം പടര്‍ന്നതെന്നാണ് റിപോര്‍ട്ട്. അപകടത്തിന് കാരണമായ എല്ലാവരെയും നിയമത്തിന്റെ മുന്നിലെത്തിക്കുമെന്ന് താക്കറെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ഒരു മാളില്‍ ആശുപത്രിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചതിനെക്കുറിച്ച് മുംബൈ മേയര്‍ ആശ്ചര്യം പ്രകടിപ്പിച്ചു.

Tags: