മുംബൈ സായുധാക്രമണം: യുപിഎ സര്‍ക്കാരിന്റെ പ്രതികരണം ദുര്‍ബലമെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരിയുടെ പുസ്തകം

Update: 2021-11-23 08:02 GMT

ന്യൂഡല്‍ഹി: മുംബൈ സായുധാക്രമണത്തോടുള്ള ഒന്നാമത്തെ യുപിഎ സര്‍ക്കാരിന്റെ പ്രതികരണം വേണ്ട വിധത്തിലായില്ലെന്ന് കുറ്റപ്പെടുത്തി മനീഷ് തിവാരിയുടെ പുസ്തകം. ഡിസംബര്‍ 2ാം തിയ്യതി പ്രകാശനം നടക്കാനിരിക്കുന്ന പുസ്തകത്തിലാണ് സ്വന്തം സര്‍ക്കാരിന്റെ മുന്‍കാല പ്രവൃത്തിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശമുള്ളത്. മുംബൈ ആക്രമണത്തിന്റെ വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് പുസ്തകം പുറത്തുവരുന്നത്.

നൂറു കണക്കിന് നിരപരാധികളെ നിഷ്ഠുരമായി കൊന്നൊടുക്കുന്നതില്‍ യാതൊരു സഹതാപവുമില്ലാത്ത ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം സംയമനം ശക്തിയുടെ ലക്ഷണമല്ല; അത് ബലഹീനതയുടെ പ്രതീകമായി കണക്കാക്കപ്പെടും. പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കേണ്ട ചില സമയമുണ്ട്. 26/11 മുംബൈ ഭീകരാക്രമണം അതുപോലെ ഒന്നാണ്. 'ഇന്ത്യയുടെ 9/11' നു ശേഷമുള്ള ദിവസങ്ങളില്‍ നമ്മുടെ പ്രതികരണം ശക്തമായിരിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം' - പുസ്തകത്തില്‍ പറയുന്നു. 

2008 നവംബര്‍ 26നാണ് മുംബൈയിലെ എട്ട് ഇടങ്ങളില്‍ സായുധാക്രമണം നടന്നത്. ലഷ്‌ക്കര്‍ ഇ ത്വയ്ബയാണ് ആക്രമണത്തിനു പിന്നിലെന്ന് പിന്നീട് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. പാകിസ്താന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ആക്രമണത്തില്‍ 175 പേര്‍ കൊല്ലപ്പെട്ടു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. 

ട്വീറ്റിലൂടെയാണ് അദ്ദേഹം പുതിയ പുസ്തകം പുറത്തുവരുന്ന വിവരം പങ്കുവച്ചത്. 10 ഫ്‌ലാഷ് പോയിന്റ്‌സ്, 20 ഇയേഴ്‌സ്, നാഷണല്‍ സെക്യൂരിറ്റി സിറ്റ്വേഷന്‍ ദാറ്റ് ഇംപാക്റ്റഡ് ഇന്ത്യ എന്ന പേരിലുള്ള പുസ്തകത്തിലാണ് പരാമര്‍ശമുള്ളത്. റൂപ ബുക്‌സ് ആണ് പ്രസാധകര്‍. 

നേരത്തെ സര്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകവും വിവാദമായിരുന്നു.

മനീഷ് തിവാരി അനന്തപൂര്‍ സാബിഹ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗവും വാര്‍ത്താവിതരണ മന്ത്രാലയം വകുപ്പില്‍ മന്ത്രിയുമായിരുന്നു. 

Tags: