മുല്ലപ്പെരിയാര്‍ മരംമുറി: സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു; സംയുക്ത പരിശോധന നടത്തിയത് ജൂണ്‍ 11ന്

തമിഴ്‌നാട്ടിലെ സിപിഎം താത്പര്യം സംരക്ഷിക്കാനാണ് ഈ ഉത്തരവ്. ഡിഎംകെ തിരഞ്ഞെടുപ്പ് ചിലവിനായി 10 കോടി സിപിഎമ്മിന് കൊടുത്തിട്ടുണ്ട്. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട് വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷം

Update: 2021-11-09 08:26 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു. ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മാത്രമെടുത്തതാണെന്ന സര്‍ക്കാര്‍ വാദമാണ് പൊളിയുന്നത്. ഇരു സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ സ്ഥലത്ത് 2021 ജൂണ്‍ 11ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവിലേക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖ പുറത്തുവന്നു. മന്ത്രി അറിയാതെയാണ് മരംമുറിക്കല്‍ ഉത്തരവിറക്കിയതെന്ന വാദമാണ് ഇതോടെ പച്ചക്കള്ളമാണെന്ന് വ്യക്തമാകുന്നത്.

ജൂണ്‍ 11ന് നടത്തിയ പരിശോധനയിലാണ് 15 മരങ്ങള്‍ മുറിക്കണമെന്ന് കണ്ടെത്തിയത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അധ്യക്ഷന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് അയച്ച കത്തിലാണ് വിവരങ്ങളുള്ളത്. ബേബി ഡാം ബലപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. നിര്‍ദ്ദേശം തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ്. കത്തയച്ചത് കേന്ദ്ര ജല വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ്. എര്‍ത്ത് ഡാമും ബലപ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ അപ്രോച് റോഡില്‍ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെടുന്നു.

വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്ത് വന്നു. ബേബി ഡാം മരം മുറി ഉത്തരവ് പിന്‍വലിച്ച നടപടി അസാധാരണ വേഗത്തിലാണെന്ന് കെ ബാബു എംഎല്‍എ പരിഹസിച്ചു. ഉത്തരവ് കേരളത്തിന്റെ കേസ് ദുര്‍ബലമാക്കും. മുഖ്യമന്ത്രി ഇതുവരെ ഇതേക്കുറിച്ച് മിണ്ടിയില്ല. മൗനിബാബയായി തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സിപിഎം താത്പര്യം സംരക്ഷിക്കാനാണ് ഈ ഉത്തരവ്. ഡിഎംകെ തിരഞ്ഞെടുപ്പ് ചിലവിനായി 10 കോടി രൂപ സിപിഎമ്മിന് കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈ കഴുകാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട് വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ വെള്ളരിക്ക പട്ടണമാക്കുകയാണെന്ന് ആരോപിച്ച കെ ബാബു, സംസ്ഥാന സര്‍ക്കാര്‍ തന്നെ രാജി വച്ചൊഴിയണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പതികരിച്ചത്. മരംമുറി ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്, അതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മരംമുറി വിവാദത്തില്‍ പ്രതിപക്ഷം കളവുകള്‍ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News