വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം; മരംമുറി അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയെന്നും ചെന്നിത്തല

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ചുള്ള കത്ത് വ്യക്തമാകുന്നത് സര്‍ക്കാരിന്റെ അറിവോട് തന്നെയാണു മരംമുറിക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ്

Update: 2021-11-07 08:28 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും കള്ളക്കളി നടത്തുന്നു. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാരിനു രക്ഷപ്പെടാനാകില്ല. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നന്ദി അറിയിച്ചുള്ള കത്ത് വ്യക്തമാകുന്നത് സര്‍ക്കാരിന്റെ അറിവോട് തന്നെയാണു മരംമുറിക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ്.

നേരത്തെ മുഖ്യമന്ത്രിയുടെ പല നിലപാടുകളും തമിഴ്‌നാടിനു സഹായകരമായിരുന്നു. സമിതിക്ക് മുന്നിലും സര്‍ക്കാര്‍ ഒത്ത് കളിച്ചുവെന്നു വ്യക്തമാകുന്നതാണു മരംമുറിക്ക് നല്‍കിയ അനുമതി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു ഗുരുതര വീഴ്ചകളാണു അടിക്കടി ഉണ്ടാകുന്നത്. ഇത് സര്‍ക്കാര്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു

Tags: