മുല്ലപ്പെരിയാര്‍ ഡാം :സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഭീമ ഹരജിയുമായി എസ്ഡിപി ഐ ; ജനങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചു

പറവൂരില്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദും ചെറിയപ്പിള്ളിയില്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

Update: 2021-11-18 09:05 GMT

പറവൂര്‍: മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എസ്ഡിപി ഐ നല്‍കുന്ന ഭീമഹരജിയില്‍ പറവൂര്‍ മണ്ഡലത്തിലെ ജനങ്ങളില്‍നിന്ന് ഒപ്പുകള്‍ ശേഖരിച്ചു.പറവൂരില്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദും ചെറിയപ്പിള്ളിയില്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


ഒന്നേകാല്‍ നൂറ്റാണ്ട് കാലപ്പഴക്കമുള്ള മുല്ലപ്പരിയാര്‍ ഡാമിന്റെ സുരക്ഷയെപ്പറ്റി ജനങ്ങളില്‍ വലിയ ആശങ്ക നില നില്‍ക്കുകയാണെന്ന് എസ്ഡിപി ഐ നേതാക്കള്‍ പറഞ്ഞു.40 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഓടിയൊളിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ അവഗണനയെ തുറന്നുകാട്ടിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ജനങ്ങളുടെ ആശങ്ക അറിയിച്ചു കൊണ്ടുമാണ് എസ് ഡി പി ഐ ഭീമഹരജി നല്‍കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.


കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന്റെ കൃഷിയും സംരക്ഷിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഡി കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കാന്‍ നീതിപൂര്‍വ്വം നിയമാധികാരം ഉപയോഗിച്ച് ഇടപെടണമെന്ന് ഭീമ ഹരജിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെടുന്നത്.കേരളപ്പിറവി ദിനത്തില്‍ ആലുവ ഗാന്ധിസ്‌ക്വയറില്‍ എസ്ഡിപിഐ നടത്തിയ സമര പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഭീമഹരജി നല്‍കുന്നതെന്ന് മണ്ഡലം നേതൃത്വങ്ങള്‍ വ്യക്തമാക്കി.


വിവിധ പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികളായ സുല്‍ഫിക്കല്‍ വള്ളുവള്ളി,സുധീര്‍ അത്താണി, ഷംജാദ് വാണിയക്കാട്, റിയാസ് പാറപ്പുറം, ഷിഹാബ് മന്നം, അബ്ദുള്‍ സലാം, അഷറഫ് ,ഷിബു, സമദ്, ഷെഫീഖ്, ഷംസുദ്ധീന്‍, ഇസ്മായില്‍, ഗോപാലന്‍ നേതൃത്വം നല്‍കി.സമൂഹത്തിലെ വിവിധ തുറകളിലുള്ള നുറുകണക്കിനു പേര്‍ ഒപ്പുശേഖരണത്തില്‍ പങ്കാളികളായി

Tags: