കണ്ണൂര്‍ ടൗണിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അതിക്രമം; ചാണകം കൊണ്ടിട്ട് വൃത്തികേടാക്കി
കണ്ണൂര്‍: കണ്ണൂര്‍ ടൗണിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അജ്ഞാതര്‍ ചാണകം കൊണ്ടിട്ടു. ഇന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ജുമുഅ ദിവസമായതിനാല്‍ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ പിരിഞ്ഞുപോയിരുന്നു. ഇമാമിന്റെ പ്രസംഗപീഠത്തിനടുത്ത് കാര്‍പറ്റിലാണ് ചാണകം കണ്ടത്. ഒരാളാണ് അതിക്രമത്തിനു പിന്നിലെന്നും മൂന്നു പേര്‍ ബൈക്കിലെത്തിയിരുന്നെന്നും പറയപ്പെടുന്നുണ്ട്. വിശ്വാസികള്‍ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ഹൗള് മലിനമാക്കിയതായും ആരോപണമുണ്ട്.
വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ഡിവൈഎസ്പി ടി കെ രത്‌നാകരന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അതിക്രമത്തിനു പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നാണു സംശയം. അംഗശുദ്ധി വരുത്തുന്ന ഹൗളില്‍ കാലിട്ട് കഴുകുന്നത് ശ്രദ്ധയില്‍പ്പെട്ട പള്ളിയിലെ ജീവനക്കാരന്‍ ബഹളം വച്ചപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നതായാണു വിവരം. തിരക്കേറിയ കണ്ണൂര്‍ മാര്‍ക്കറ്റിനുള്ളിലെ പള്ളിയിലാണ് അതിക്രമം എന്നത് പോലിസ് ഗൗരവത്തോടെയാണ് കാണുന്നത്.വിവരമറിഞ്ഞ് നിരവധി പേര്‍ പള്ളിയിലെത്തിയിരുന്നു. തുടര്‍ന്ന് പള്ളിയിലെ കാര്‍പറ്റും മറ്റും ശുചീകരിച്ചു. മലിനമായതിനെ തുടര്‍ന്ന് മഅ്‌രിബ് നമസ്‌കാരം പള്ളിക്കു പുറത്താണ് നടത്തിയത്. വിവരമറിഞ്ഞ് കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയറും മുസ് ലിം ലീഗ് നേതാവുമായ സി സമീര്‍, മുസ് ലിംലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിര്‍, അല്‍ത്താഫ് മാങ്ങാടന്‍, മുസ് ലിഹ് മടത്തില്‍, എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ്, മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍, സി എച്ച് ഫാറൂഖ്, കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ടി സി താഹ തുടങ്ങിയവര്‍ പള്ളി സന്ദര്‍ശിച്ചു.