കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാന്‍ എം പി ജാക്‌സന്‍

Update: 2021-03-14 14:33 GMT

മാള: കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് തിരിച്ച് പിടിക്കാനൊരുങ്ങി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്‌സന്‍. യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ മത്സരിച്ച് വിജയിച്ച കൊടുങ്ങല്ലൂര്‍ മണ്ഡലം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചത്. ഇടത്തോട്ടും വലത്തോട്ടും ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ചരിത്രമുള്ള പഴയ മാള നിയമസഭാ മണ്ഡലം ഇപ്പോള്‍ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലമായി മാറിയിരിക്കുകയാണ്. ലീഡര്‍ കെ കരുണാകരന്റെ തട്ടകമായ ഈ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നിയോഗവുമായിട്ടാണ് എം പി ജാക്‌സണ്‍ മത്സരത്തിനിറങ്ങുന്നത്. ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ നിര്‍ണായകമായ കൊടുങ്ങല്ലൂര്‍ മണ്ഡലം ഇക്കുറി തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

1988-90, 2000- 2010 കാലയളവുകളില്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാന്‍ സ്ഥാനം വഹിച്ച എം പി ജാക്‌സന്‍ നിലവില്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനറുമാണ്. ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍, സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ തുടര്‍ച്ചയായി ഘടകകക്ഷികള്‍ക്ക് മാത്രം മത്സരിക്കാന്‍ അവസരം നല്‍കുന്നതില്‍ നേരത്തെ മണ്ഡലത്തില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. മണ്ഡലത്തിലെ സീനിയര്‍ നേതാക്കള്‍ക്ക് മറ്റ് മണ്ഡലങ്ങളില്‍ അവസരം നല്‍കാമെന്ന് പ്രതിഷേധം ഉയര്‍ന്ന ഘട്ടത്തില്‍ പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നു. എം പി ജാക്‌സന് അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു. അവസരം നിഷേധിച്ചാല്‍ പാര്‍ട്ടി നല്‍കിയ മുഴുവന്‍ സ്ഥാനമാനങ്ങളും ഉപേക്ഷിക്കുമെന്ന് ഇരിങ്ങാലക്കുട മണ്ഡലം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടി വി ചാര്‍ലി, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി എന്നിവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags: