കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധരായ ജീവനക്കാരെ പുറത്താക്കാന്‍ നീക്കം

കശ്മീരില്‍ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും നിരീക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടും

Update: 2021-04-23 06:47 GMT

ശ്രീനഗര്‍: കശ്മീരില്‍ കേന്ദ്രസര്‍ക്കാറിനെ എതിര്‍ക്കുന്ന ജീവനക്കാരെ ദേശവിരുദ്ധരെന്ന പേരില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ നീക്കം. തീവ്ര സംഘടനകളുമായി ബന്ധമുള്ള ജീവനക്കാരെ കണ്ടെത്തി പിരിച്ചുവിടുമെന്നാണ് ഇതു സംബന്ധിച്ച് കശ്മീര്‍ ഭരണകൂടം പുറത്തിറക്കിയ ഉത്തരരവില്‍ പറയുന്നത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സേനയെ രൂപീകരിച്ചു.


കേന്ദ്രഭരണ പ്രദേശത്തിന്റെ ഭരണസമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സുരക്ഷയെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ നടപടിയെന്നാണ് ഭരണകൂടത്തിന്റെ വാദം. രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്ഥീകരിക്കുന്ന ജീവനക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. ഇതിനായി ഡിജിപി ചെയര്‍മാനായുള്ള പ്രത്യേക കര്‍മ സേനയെ രൂപീകരിച്ചു. ജീവനക്കാരുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയാണ് സേനയുടെ പ്രധാന ദൗത്യം. ഐജി, ആഭ്യന്തരനിയമ വകുപ്പുകളിലെ അഡീഷണല്‍ സെക്രട്ടറിമാരില്‍ കുറയാത്ത പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് പ്രത്യേക കര്‍മ്മ സേന.


കശ്മീരില്‍ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും നിരീക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടും. ഉദ്യോഗസ്ഥരുടെ രാജ്യവിരുദ്ധത ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പിരിച്ചുവിടുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. മുന്‍പ് കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരേ സമരം ചെയ്തവര്‍ക്കു മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഇതേ കുറ്റം സമരം ചെയ്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും ചുമത്തി രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ പേരില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടാനുള്ള നീക്കമാണ് നടക്കുന്നത്.




Tags:    

Similar News