അമ്മയെ തീകൊളുത്തി കൊന്ന മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി

Update: 2022-08-16 12:16 GMT

തൃശൂര്‍: മുല്ലശ്ശേരിയില്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മുല്ലശ്ശേരി സ്വദേശി ഉണ്ണികൃഷ്ണനെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2020 മാര്‍ച്ച് പതിനൊന്നിനാണ് അമ്മ വള്ളിയമ്മുവിനെ ഉണ്ണിക്കൃഷ്ണന്‍ കൊലപ്പെടുത്തിയത്. പെയിന്റംഗിന് ഉപയോഗിക്കുന്ന തിന്നര്‍ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വള്ളിയമ്മു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നു. തീ കൊളുത്തുന്നതിന് ആറു മാസം മുന്‍പ് അമ്മയുടെ വായിലേക്ക് ടോര്‍ച്ച് ബലമായി കുത്തിക്കയറ്റി ഉപദ്രവിച്ചതിന് ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ ജയിലിലായിരുന്ന ഉണ്ണികൃഷ്ണനെ വള്ളിയമ്മു തന്നെയാണ് ജാമ്യത്തിലിറക്കിയത്.

താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ, പോയി കണ്ടതിനാണ് അമ്മയെ ഉണ്ണികൃഷ്ണന്‍ ആക്രമിച്ചത്. ഓട്ടോറിക്ഷ പെയിന്റടിക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഒഴിച്ച് വളളിയമ്മുവിന്റെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ വള്ളിയമ്മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. കരച്ചില്‍ കേട്ട് ഓടി വന്ന അയല്‍വാസിയോട് മകന്‍ ചതിച്ചു എന്ന് വള്ളിയമ്മു പറഞ്ഞിരുന്നു. അയല്‍വാസിയുടെ മൊഴിയില്‍ പാവറട്ടി പൊലീസ് കേസെടുത്തു. പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. അയല്‍വാസിയുടെ മൊഴിക്കൊപ്പം ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ആധാരമായി സ്വീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.