കുഞ്ഞിനെ വിട്ടുകിട്ടാത്ത ദേഷ്യത്തില്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചു; പെരിന്തല്‍മണ്ണയില്‍ യുവാവ് അറസ്റ്റില്‍

Update: 2021-11-22 04:23 GMT

പെരിന്തല്‍മണ്ണ: കുഞ്ഞിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് സേലം ഓമലൂര്‍ മുത്തംപട്ടി മങ്ങാണിക്കാട് ഗോവിന്ദരാജ്(31)നെയാണ് പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയത്. ഭാര്യാമാതാവ് തമിഴ്‌നാട് ദീവാട്ടിപ്പട്ടി സ്വദേശിനി സാവിത്രിയുടെ പരാതിയിലാണ് അറസ്റ്റ്.

ജൂണ്‍ 14ന് സാവിത്രിയും മകള്‍ തെന്നരസി(25)യും താമസിക്കുന്ന പെരിന്തല്‍മണ്ണയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഗോവിന്ദരാജും മറ്റു രണ്ടാളുകളും കയറിച്ചെന്നു. 11 മാസം പ്രായമായ ഇവരുടെ കുട്ടിയെ വിട്ടുകിട്ടുന്നതിന് തെന്നരസി, ഗോവിന്ദരാജിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെത്തിയ ഗോവിന്ദരാജ് ഇതിന്റെ വിരോധത്താല്‍ തെന്നരസിയെ മര്‍ദ്ദിച്ചു. ഇത് തടയാന്‍ ചെന്ന സാവിത്രിയെ ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ശ്വാസം മുട്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

കേസെടുത്തതോടെ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള തുടരന്വേഷണത്തില്‍ പ്രതി തമിഴ്‌നാട്ടിലുണ്ടെന്ന് വ്യക്തമായതോടെ പോലിസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണയിലെത്തിച്ച പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.

ഈ സംഭവത്തിന് ശേഷം ജൂണ്‍ 22ന് തമിഴ്‌നാട്ടിലെ വീരിയംതണ്ട എന്ന സ്ഥലത്തുണ്ടായ അടിപിടിയില്‍ സാവിത്രിയുടെ മൊഴിപ്രകാരം ഗോവിന്ദരാജിനെതിരെ ദീവാട്ടിപ്പട്ടി പോലിസും കേസെടുത്തിട്ടുണ്ട്.