ഒമാനില്‍ കൊവിഡ് ബാധിക്കുന്നവരില്‍ അധികവും യുവാക്കള്‍; കുട്ടികളും രോഗബാധിതര്‍

ഓരോ ദിവസവും മരണസംഖ്യയും കൊവിഡ് രോഗികളുടെ എണ്ണവും ഒമാനില്‍ കൂടിക്കൊണ്ടിരിക്കുകയാണ്.

Update: 2021-06-26 04:44 GMT

മസ്‌കത്ത്: ഒമാനില്‍ കൊവിഡ് വ്യാപനം തുടരുന്നതിനിടെ പുതിയ കണ്ടെത്തല്‍ കൂടി.കൊവിഡ് ബാധിതരില്‍ ഏറെയും യുവാക്കളാണ് എന്നതും ചെറിയ കുട്ടികള്‍ക്കു പോലും രോഗം ബാധിക്കുന്നു എന്നതും ആശങ്കയോടെയാണ് കാണുന്നത്. റോയല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 150 കൊവിഡ് രോഗികളില്‍ 76 പേരും തീവ്ര പരിചരണ വിഭാഗത്തിലാണ് .


അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും 80 ശതമാനം രോഗികളെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാണെന്നും റോയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മഹര്‍ ബിന്‍ ജാഫര്‍ അല്‍ബര്‍ഹാനി പറഞ്ഞു. 30 നും 50 നുമിടയില്‍ പ്രായമുള്ളവരിലേക്കാണ് കൂടുതലും രോഗം പടരുന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും രോഗം ബാധിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. ആരോഗ്യ മന്ത്രാലയം രോഗപ്രതിരോധ വിഭാഗം ഡയരക്ടര്‍ ജനറല്‍ സൈഫ് അല്‍അബ്രി പറഞ്ഞു.


ഓരോ ദിവസവും മരണസംഖ്യയും കൊവിഡ് രോഗികളുടെ എണ്ണവും ഒമാനില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗമെല്ലാം നിറഞ്ഞിരിക്കുന്നു എന്നാണ് റിപോര്‍ട്ട്. രാത്രികാല ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ രാജ്യത്ത് തുടരുകയാണ്.




Tags: