നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

നേരത്തെ കന്യാകുമാരി സ്വദേശി മണികണ്ഠന്‍ ശങ്കര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു

Update: 2021-12-01 06:29 GMT

തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജി(22)നെയാണ് പ്രത്യേക സംഘം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നേരത്തെ കന്യാകുമാരി സ്വദേശി മണികണ്ഠന്‍ ശങ്കര്‍ അറസ്റ്റിലായിരുന്നു.

എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നിര്‍ദേശാനുസരണം സിറ്റി പോലിസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്ത് അനേഷിക്കുന്നത്.

സൈബര്‍ ക്രൈം പോലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി ശ്യാംലാല്‍, ഇന്‍സ്‌പെക്ടര്‍ എസ് പി പ്രകാശ്, എസ്.ഐ. ആര്‍ ആര്‍ മനു, പോലിസ് ഉദ്യോഗസ്ഥരായ വി എസ് വിനീഷ്, എഎസ് സമീര്‍ഖാന്‍, എസ് മിനി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു. സഹപ്രവര്‍ത്തകരായ പല നടികള്‍ക്കുമെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഭൂരിഭാഗം പേരും പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ഇതാണ് കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകുന്നത്. ദുരനുഭവമുണ്ടായ എല്ലാവരും പരാതിയുമായി രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.


Tags: