ഇറാനില്‍ നിന്ന് 600ലധികം ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു

Update: 2026-03-17 10:09 GMT

തെഹ്‌റാന്‍: ഇറാനെതിരായ യുഎസ് ഇസ്രായേല്‍ ആക്രമണം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ പശ്ചിമേഷ്യയില്‍ ആശങ്ക കൂടുകയാണ്. ഈ സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികളുമായി ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നു. ഇതിനകം 550ലധികം ഇന്ത്യന്‍ പൗരന്മാരെ കര അതിര്‍ത്തി വഴി സുരക്ഷിതമായി അര്‍മേനിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി എംബസി അറിയിച്ചു. കൂടാതെ 90ലധികം പേരെ അസര്‍ബൈജാനിലേക്കും എത്തിച്ചു.

തെഹ്‌റാനിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എംബസി പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കുന്നുവെന്നും അറിയിച്ചു. തലസ്ഥാനത്തിന് പുറത്തുള്ള പ്രദേശങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത മേഖലകളിലേക്ക് സമീപ ദിവസങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ സുരക്ഷയും ക്ഷേമവും മുന്‍ഗണനയായി തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം എംബസിയുടെ അനുമതിയില്ലാതെ ഇറാനില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായം ലഭ്യമാകില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags: