ലോക്ക് ഡൗണിനുശേഷം ഡല്‍ഹിയില്‍ നിന്ന് പലായനം ചെയ്തത് 8 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പലായനം ചെയ്തത് 8 ലക്ഷം ഇതര സംസ്ഥാനത്തൊഴിലാളികളെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ കൂട്ടപ്പലായനം ഒഴിവാക്കാനായി നാട്ടില്‍ പോകേണ്ടവര്‍ക്ക് ആവശ്യമായ വാഹന സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഏപ്രില്‍ 19നും മെയ് 14നും ഇടയില്‍ 8,07,032 പേരാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള ബസ് സര്‍വീകളില്‍ സംസ്ഥാനം വിട്ടത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ഇതിനുവേണ്ടി പ്രത്യേക ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഉചിതമായ സമയത്ത് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ കുടിയേറ്റത്തൊഴിലാളികളെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിച്ചു. മിക്ക സര്‍വീകളും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നടത്തിയതുകൊണ്ട് സംസ്ഥാനാന്തര ബസ് സര്‍വീസുകളില്‍ കൂടുതല്‍ പണം ഈടാക്കിയെന്നുള്ള പരാതിയുണ്ടായിരുന്നില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
ഏപ്രില്‍ 19ന് പ്രഖ്യാപിച്ച കര്‍ഫ്യൂ ഏറെ താമസിയാതെ പൂര്‍ണമായ ലോക്ക് ഡൗണ്‍ ആയി മാറുകയായിരുന്നു. ആ സമയത്ത് ഡല്‍ഹിയില്‍ പ്രതിദിനം 20,000 പേര്‍ക്കാണ് കൊവിഡ് ബാധയുണ്ടായിരുന്നത്. ഓരോ മൂന്നില്‍ ഒരാള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഓക്‌സിജന്‍ ഇല്ലാതായി. ലോക്ക് ഡൗണ്‍ ഏപ്രില്‍ 19നു ശേഷം നാല് തവണ നീട്ടി. അതോടെ കൊവിഡ് വ്യാപനം ഇടിയുകയും ചെയ്തു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് മുഖ്യമന്ത്രി കെജ്രിവാള്‍ ഇതര സംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിട്ട് പോകേണ്ടിവരില്ലെന്നും ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു. ലോക്ക് വാര്‍ത്ത പുറത്തുവന്ന ഉടനെ കുടിയേറ്റത്തൊഴിലാളികള്‍ കശ്മീര്‍ ഗേറ്റിലും ആനന്ദ വിഹാറിലും സരായ് കാലെ ഖാനിലും തിങ്ങിക്കൂടി. പക്ഷേ, കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബസ് സ്റ്റാന്റുകളിലെത്തി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ബസ്സ് സര്‍വീസുകള്‍ മുന്‍കൂട്ടി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

