സംസ്ഥാനത്ത് വേനല്‍ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ചൂട് കൂടും

കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.

Update: 2022-03-13 09:18 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വരണ്ട കാലാവസ്ഥ തുടരും. മിക്കയിടങ്ങളിലും പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കും. ആറ് ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്. 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കൊല്ലം പുനലൂരിലാണ്.

കൊല്ലം പുനലൂരിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെല്‍ഷ്യസ്. തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 38.4 ഡിഗ്രി സെല്‍ഷ്യസും പാലക്കാട് 37.6 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര കണക്ക് പ്രകാരം ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില ഇങ്ങനെയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ എന്നിവടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നു.

അതേസമയം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 39.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, പാലക്കാട് പട്ടാമ്പി, വെള്ളാനിക്കര, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവടങ്ങളില്‍ 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നെന്നാണ് കെഎസ്ഡിഎംഎയുടെ കണക്ക്. അടുത്ത ദിവസങ്ങളിലും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും.

കടുത്ത ചൂടില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ അടക്കമുള്ള തൊഴിലാളികള്‍ വലയുകയാണ്. ഉച്ചസമയത്ത് പുറം ജോലികള്‍ക്ക് വിലക്കുണ്ട്. കോട്ടയത്ത് ട്രാഫിക്ക് പോലിസുകാരുടെ ജോലിസമയം പുനക്രമീകരിച്ചു.

ചൊവ്വാഴ്ചയോടെ വേനല്‍ മഴ കിട്ടിയേക്കും. മാര്‍ച്ച് അവസാനത്തോടെ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. വരണ്ട വടക്ക് കിഴക്കന്‍ കാറ്റാണ് ഈ ദിവസങ്ങളില്‍ ചൂട് കൂടാന്‍ കാരണം. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തിന് മുകളിലായുള്ള ഉഷ്ണ തരംഗത്തിന് സമാനമായ അന്തരീക്ഷമാണ് വരണ്ട വടക്കന്‍ കാറ്റിന് കാരണം.

എഎംഡി കണക്കനുസരിച്ച് ഉയര്‍ന്ന താപനില ഡിഗ്രി സെല്‍ഷ്യസില്‍

പുനലൂര്‍ 38.7

വെള്ളാനിക്ക 38.4

പാലക്കാട് 37.6

കണ്ണൂര്‍ 36.9

കോട്ടയം 36.6

കെഎസ്ഡിഎംഎ കണക്കനുസരിച്ച് ഉയര്‍ന്ന താപനില

വെള്ളാനിക്കര 39.3

പട്ടാമ്പി 38.3

കണ്ണൂര്‍ എയര്‍പോര്‍ട്ട് 38.2

പാലക്കാട് 38

കൊട്ടാരക്കര 37.5

പുനലൂര്‍ 37.4

കോട്ടയം 37.3 

Tags:    

Similar News