മണ്‍സൂണ്‍ കാല ട്രോളിങ്: ട്രോള്‍ ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് ഹാര്‍ബറില്‍ എത്തണം

അന്യസംസ്ഥാനത്ത് നിന്ന് മലപ്പുറം ജില്ലയിലേക്ക് മത്സ്യബന്ധനത്തിനായി എത്തിയ ട്രോള്‍ ബോട്ടുകളും ജൂണ്‍ ഒമ്പതിനകം കേരളതീരം വിട്ട് പോകണം. ജില്ലയില്‍ ആകെ 191 ട്രോള്‍ ബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Update: 2020-05-26 13:48 GMT

മലപ്പുറം: മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം സംസ്ഥാനത്ത് നിലവില്‍ വരുന്നതിന് മുമ്പായി ജില്ലയിലെ ട്രോള്‍ ബോട്ടുകളെല്ലം മത്സ്യബന്ധനം കഴിഞ്ഞ് ജൂണ്‍ ഒമ്പതിന് മുമ്പ് ഹാര്‍ബറില്‍ എത്തണമെന്ന് ഡെപ്യൂട്ടി കലക്ടര്‍(ആര്‍ആര്‍) പി മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്ത് ജൂണ്‍ ഒമ്പതു മുതല്‍ ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാനത്ത് നിന്ന് മലപ്പുറം ജില്ലയിലേക്ക് മത്സ്യബന്ധനത്തിനായി എത്തിയ ട്രോള്‍ ബോട്ടുകളും ജൂണ്‍ ഒമ്പതിനകം കേരളതീരം വിട്ട് പോകണം. ജില്ലയില്‍ ആകെ 191 ട്രോള്‍ ബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടിലെ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് വഴി സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ലൈറ്റ് ഫിഷിങും നടത്തുന്നവരെ കണ്ടെത്താന്‍ ഫിഷറീസ് വകുപ്പ് പരിശോധന കര്‍ശനമാക്കും. പെയര്‍ ട്രോളിങ് തടയുന്നതിനായി കടല്‍ പട്രോളിങും ശക്തമാക്കും. ട്രോളിങ് നിരോധന കാലയളവിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജില്ലയ്ക്കായി ഒരു ബോട്ട്, അഞ്ച് ഫൈബര്‍ ബോട്ട്, അഞ്ച് റെസ്‌ക്യൂ ഗാര്‍ഡുമാര്‍ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ കാല രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടല്‍ ക്ഷോഭം മൂലം ഉണ്ടാകുന്ന അപകടമരണം കുറക്കുന്നതിനായി കടല്‍ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. സുരക്ഷാ ഉപകരണങ്ങളില്ലാതെ മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു.

മത്സ്യബന്ധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക് കാര്‍ഡ് നിര്‍ബന്ധമായി സൂക്ഷിക്കണം. കാര്‍ഡ് ലഭിക്കാത്തവര്‍ മത്സ്യത്തൊഴിലാളി പാസ്ബുക്കിന്റെ ഫോട്ടോയുള്ള പേജ് അറ്റസ്റ്റ് ചെയ്ത് കയ്യില്‍ സൂക്ഷിക്കണം. ഇതരജില്ലാ മത്സ്യത്തൊഴിലാളികള്‍ ലേബര്‍ ഓഫിസര്‍ നല്‍കുന്ന അവാസ് കാര്‍ഡ് കയ്യില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ബോട്ടുടമ ഉറപ്പ് വരുത്തണം.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം, പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ രേണുകാദേവി, ഹാര്‍ബര്‍ എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പരവത്ത് പങ്കെടുത്തു. 

Tags: