കുട്ടികളെ മോഷ്ടിക്കുന്നവരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ സന്യാസിമാര്‍ക്ക് മര്‍ദ്ദനം; ആറ് പേരെ അറസ്റ്റ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ സന്‍ഗ്ലിയില്‍ കുട്ടികളെ മോഷ്ടിക്കാനെത്തിയവരാണെന്ന സംശയത്തില്‍ നാല് സന്യാസികള്‍ക്കെതിരേ ആള്‍ക്കൂട്ട ആക്രമണം നടത്തിയ സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. സന്യാസിമാരെ ആക്രമിക്കുന്നത് വൈറലായ സാഹചര്യത്തിലാണ് നടപടി. മഹാരാഷ്ട്രയില്‍ സന്‍ഗ്ലിയില്‍ ലവാന ഗ്രാമത്തിലാണ് സംഭവം.
സന്യാസിമാരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് അക്രമികള്‍ കാറില്‍നിന്ന് ചവിട്ടി പുറത്തിട്ടത്. പിന്നീട് ബെല്‍റ്റുകൊണ്ട് തല്ലി. ഇതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാല് സന്യാസിമാര്‍ കര്‍ണാടകയിലെ ബിജാപൂരില്‍ നിന്ന് ക്ഷേത്രനഗരമായ പന്ധര്‍പൂരിലേക്ക് പോകുന്നതിനിടെ വഴി ചോദിച്ചു. ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ പെട്ടവരാണെന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ലവാനയിലെ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ ആരാധനക്കുവേണ്ടി ഇവര്‍ അല്‍പ്പസമയം നിര്‍ത്തിയിരുന്നു.
യുപിയിലെ അഘാഡ വിഭാഗത്തില്‍പ്പെട്ട സന്യാസിമാരാണ് ആക്രമിക്കപ്പെട്ടത്.
മഹാരാഷ്ട്ര ബിജെപി എംഎല്‍എ രാം കദം സംഭവത്തെ അപലപിച്ചു. ഇത്തരം നടപടികള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.