കള്ളപ്പണക്കേസ്: ശിവകുമാറിന്റെ കസ്റ്റഡി 5 ദിവസം കൂടി നീട്ടി

Update: 2019-09-13 19:03 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ കസ്റ്റഡി അഞ്ചുദിവസം കൂടി നീട്ടി. അഞ്ചുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. അതേസമയം, കസ്റ്റഡിയില്‍ വിട്ടെങ്കിലും ശിവകുമാറിന് ആവശ്യമായ ചികിൽസ ഉറപ്പുവരുത്തണമെന്നും, വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി ഇഡിയ്ക്ക് നിര്‍ദേശം നല്‍കി. ശിവകുമാറിന്റെ ജാമ്യഹര്‍ജിയില്‍ തിങ്കളാഴ്ചയ്ക്കകം മറുപടി പറയണമെന്നും കോടതി ഇഡിയോട് ആവശ്യപ്പെട്ടു.

ചോദ്യംചെയ്യലിനോട് ശിവകുമാര്‍ സഹകരിക്കുന്നില്ലെന്നും അപ്രധാനമായ മറുപടികളാണ് നല്‍കുന്നതെന്നുമാണ് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജന്‍ കോടതിയെ അറിയിച്ചത്. ഇതുവരെ ലഭിക്കാത്ത എന്ത് തെളിവാണ് അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ശിവകുമാറില്‍ നിന്ന് ലഭിക്കുക എന്ന് കോടതി ചോദിച്ചെങ്കിലും ചില കൂട്ടു പ്രതികളെക്കുറിച്ചും ഇവരുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപത്തെക്കുറിച്ചും ചോദിച്ചറിയാനുണ്ട് എന്നാണ് ഇഡി കോടതിയെ അറിയിച്ചത്. സെപ്തംബര്‍ മൂന്നിനാണ് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തത്.

Similar News