കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: വിജയ് മല്യയുടെ സ്വത്ത് വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി
ന്യൂഡല്‍ഹി: വായ്പ തിരിച്ചടക്കാതെ മുങ്ങിയ വിജയ് മല്യയുടെ സ്വത്ത് വിറ്റഴിച്ച് പണം തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി.
പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റ് കോടതിയാണ് ബാങ്കുകള്‍ക്ക് സ്വത്ത് വിറ്റ് നഷ്ടപ്പെട്ട വായ്പ തിരിച്ചുപിടിക്കാന്‍ അനുമതി നല്‍കിയത്.
മല്യയുടെ കമ്പനിയുടെ പേരിലുളള ഭൂമി വിറ്റഴിച്ച് പണം വസൂലാക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുളളതെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് എം ഡി മല്ലികാര്‍ജുന്‍ റാവു പറഞ്ഞു. കിങ്ഫിഷര്‍ അത്രയേറെ തുകയൊന്നും മല്യക്ക് നല്‍കിയിട്ടില്ല. വസ്തുവകകള്‍ വിറ്റഴിച്ച് ബാങ്കുകള്‍ പങ്കിട്ടെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മല്യ തന്റെ പൂട്ടിപ്പോയ കിങ് ഫിഷര്‍ കമ്പിക്കുവേണ്ടി 9,000 കോടിയാണ് കടമെടുത്തത്.
2019ല്‍ മുംബൈ പ്രത്യേക കോടതിയാണ് കടം തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് ഒളിച്ചുപോയ മല്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചത്.
ബ്രിട്ടനില്‍ നിന്ന് നാടുകടത്തി രാജ്യത്തെത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.