കള്ളപ്പണം വെളുപ്പിക്കല്‍ കേസ്;അനില്‍ അംബാനിയുടെ സഹായി അശോക് കുമാര്‍ പാല്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ അംബാനിയുടെ സഹായി അശോക് കുമാര്‍ പാല്‍ അറസ്റ്റില്‍. 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ സഹായിയും റിലയന്‍സ് പവര്‍ ലിമിറ്റഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ അശോക് കുമാര്‍ പാല്‍ അറസ്റ്റിലായത്.
റിലയന്‍സ് പവറിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് എന്‍യു ബെസ് ലിമിറ്റഡിനായി സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 68.2 കോടിയുടെ ബാങ്ക് ഗ്യാരണ്ടി വ്യാജമായി നല്‍കിയെന്നാണ് അശോക് പാലിനെതിരെയുള്ള കുറ്റം. മുമ്പ് മഹാരാഷ്ട്ര എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നായിരുന്നു ഈ കമ്പനി അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കമ്പനിക്കും അതിന്റെ പ്രൊമോട്ടര്‍മാര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ഥ സാരഥി ബിസ്വാള്‍ അറസ്റ്റിലായി. 2024-ല്‍ ഇതുസംബന്ധിച്ച് ഡല്‍ഹി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജ ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതിന് എട്ട് ശതമാനം കമ്മീഷന്‍ ഈടാക്കിയതായി ആരോപണമുണ്ട്.