റോഡില്‍ കുളിച്ച് പ്രതിഷേധവുമായി മോഹനന്‍

Update: 2022-08-25 18:43 GMT

മാള: വീട്ടില്‍ വെള്ളം ഇല്ലെങ്കിലും റോഡില്‍ ധാരാളം വെള്ളം ഉണ്ടായതിനാല്‍ മോഹനന്‍ തന്റെ കുളി റോഡിലാക്കി. വേറിട്ട സമര വഴികളിലൂടെയെങ്കിലും ബന്ധപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുകയാണ് റോഡില്‍ കുളിക്കുന്നത് എന്നാണ് മോഹനന്‍ പറയുന്നത്.

പൊയ്യ ഗ്രാമപഞ്ചായത്ത് സ്വദേശിയായ ആറകപറമ്പില്‍ മോഹനനാണ് വ്യത്യസ്തസമരമാര്‍ഗത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയത്. മാള ടൗണില്‍ പലയിടങ്ങളിലായി കുടിവെള്ളം വന്‍തോതില്‍ പാഴാകുമ്പോഴും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നതില്‍ വിമുഖരാണെന്നാണ് മോഹനന്റെ പരാതി.

തപാലാപ്പീസ് റോഡില്‍ പൈപ്പ് പൊട്ടി പോകുന്നിടത്താണ് വിസ്തരിച്ചുള്ള കുളി നടത്തിയത്. ബക്കറ്റും കപ്പും കൊണ്ടുവന്നിരുന്നു. കൊടവത്ത്കുന്ന് ടാങ്കില്‍ നിന്നും കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വലിയ പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. മേഖലയിലെ പലയിടങ്ങളിലായി ഇടക്കിടെ പൈപ്പുകള്‍ പൊട്ടാറുണ്ട്. വീതി കുറഞ്ഞ തപാലാപ്പീസ് റോഡ് പൊളിച്ച് പണിയുമ്പോള്‍ ഗതാഗതം വഴിതിരിച്ച് വിടേണ്ടതായി വരാമെന്നതിനാലാകാം പൈപ്പ് പൊട്ടി ദിവസങ്ങളേറെ കഴിഞ്ഞിട്ടും തകരാര്‍ പരിഹരിക്കാത്തതെന്നാണ് പലരും കരുതുന്നത്. ഏതെങ്കിലും തരത്തില്‍ തകരാര്‍ മാറ്റിക്കൂടെയെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.


ഇത്തരത്തില്‍ വെള്ളം പാഴാകുന്നതിലുടെ ദിനംതോറും പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് നഷ്ടമാകുന്നത്. കൂടാതെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇവിടങ്ങളിലൂടെ നടന്നുപോകുന്ന യാത്രക്കാരുടെയും മറ്റും ദേഹത്തേക്കും വാഹനങ്ങളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം തെറിക്കുന്നുണ്ട്.

മാള,കൊടുങ്ങല്ലൂര്‍ മേഖലകളിലെ ജനങ്ങള്‍ കുടിക്കാനും കുളിക്കാനും ചാലക്കുടി പുഴയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പാണ് ജലനിധിക്ക് കൈമാറിയത്. ജലനിധിക്കായി ഇറക്കിയ പൈപ്പും ഗുണമേന്മയുള്ളതല്ല. അതിനിടെ തകരാര്‍ പരിഹരിച്ചയിടങ്ങളിലും വീണ്ടും പൈപ്പ് പൊട്ടുന്നുണ്ട്.