ജഡ്ജി ഉത്തരവിടും മുമ്പ് ജാമ്യം തള്ളിയെന്ന് മാധ്യമങ്ങള്‍ക്ക് സന്ദേശം; ഡല്‍ഹി പോലിസിനെതിരേ മുഹമ്മദ് സുബൈറിന്റെ അഭിഭാഷകന്‍

Update: 2022-07-02 14:32 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസിനെതിരേ ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രംഗത്ത്. പട്യാല ഹൗസ് ജഡ്ജി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഹമ്മദ് സുബൈറിന്റെ ജാമ്യം തള്ളിയെന്ന് ഡല്‍ഹി പോലിസിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചെന്ന് അഭിഭാഷകനായ സൗത്തിക് ബാനര്‍ജി ആരോപിച്ചു. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സ്‌നിഗ്ധ സര്‍വാറിയ നാലുമണിക്കാണ് ഉത്തരവ് പുറപ്പെടുവിക്കാനിരുന്നത്.

എന്നാല്‍, മാധ്യമങ്ങളില്‍ സുബൈറിന് ജാമ്യം നിഷേധിച്ചെന്ന വാര്‍ത്തകള്‍ വന്നു. സുബൈറിന്റെ ജാമ്യം തള്ളിയെന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുവെന്നുമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജാമ്യാപക്ഷേയില്‍ വിധി വരാനിരിക്കുകയായിരുന്നു. പോലിസ് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. അഭിഭാഷകന്റെ ആരോപണം നിഷേധിക്കാതെ കുറ്റം സമ്മതിച്ച് ഡല്‍ഹി പോലിസും പിന്നീട് രംഗത്തുവന്നു. കോടതിയിലെ ശബ്ദം കാരണം താന്‍ ഇക്കാര്യം തെറ്റായി മനസ്സിലായതാണെന്നായിരുന്നു ഡിസിപി കെപിഎസ് മല്‍ഹോത്രയുടെ വിശദീകരണം. തന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസറുമായി താന്‍ സംസാരിച്ചിരുന്നു.

ശബ്ദം കാരണം താന്‍ തെറ്റായാണ് കേട്ടത്. അതനുസരിച്ചാണ് വിവരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ഗുരുതരമായ പ്രശ്‌നമാണ്, കോടതി വിധി പറയുന്നതിന് മുമ്പ് തന്നെ, ഉത്തരവ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ ഡിസിപിയുടെ നടപടി അങ്ങേയറ്റം അപകീര്‍ത്തികരവും ഇന്ത്യയിലെ നിയമവാഴ്ചയുടെ സ്ഥിതി വ്യക്തമാക്കുന്ന സംഭവമാണ്'- അഭിഭാഷകന്‍ സൗത്തിക് ബാനര്‍ജി പറഞ്ഞു. സഹപ്രവര്‍ത്തകന്‍ തെറ്റായി ധരിപ്പിച്ചതാണെന്നാണ് ഡിസിപി പറയുന്നത്.

കോടതി ഉത്തരവ് എന്താണെന്ന് ഡിസിപി മല്‍ഹോത്രയ്ക്ക് എങ്ങനെ അറിയാം. ഇക്കാര്യത്തില്‍ പോലിസ് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി മുന്‍ ദേശീയ വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമസ്ഥാപനമാണ് ആള്‍ട്ട് ന്യൂസ്. 2018ല്‍ ട്വിറ്ററില്‍ മതസ്പര്‍ധയുണ്ടാക്കുന്ന ട്വീറ്റ് നടത്തിയെന്നാരോപിച്ചാണ് സുബൈറിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. '2014ന് മുമ്പ് ഹണിമൂണ്‍ ഹോട്ടല്‍, 2014ന് ശേഷം ഹനുമാന്‍ ഹോട്ടല്‍' എന്ന് മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തതായും ഇതിനെതിരേ 'ഹനുമാന്‍ ഭക്ത്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് പ്രതിഷേധമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ഡല്‍ഹി പോലിസ് നല്‍കുന്ന വിശദീകരണം.

Tags:    

Similar News