മോദിയുടെ കൊല്‍ക്കത്ത റാലി നടന്നത് 'ഒഴിഞ്ഞ' മൈതാനത്ത്; കോണ്‍ഗ്രസ്- ഇടത് റാലിക്കെത്തിയത് ഇതിലും വലിയ ജനക്കൂട്ടം

Update: 2021-03-07 18:32 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന റാലിയില്‍ പ്രതീക്ഷിച്ചത്ര ജനങ്ങള്‍ എത്തിയില്ലെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ്, ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന റാലികളില്‍ ഇതിനേക്കാള്‍ ജനങ്ങള്‍ പങ്കെടുത്തുവെന്നും റിപോര്‍ട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് മോദിയുടെ റാലി നടന്നത്. ബിജെപിയുടെ ജയസാധ്യതയെ ചോദ്യം ചെയ്യുന്നതാണ് പുതിയ പ്രവണതയെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

പലയിടങ്ങളിലും ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നെങ്കിലും മറ്റ് ഇടങ്ങളില്‍ ഒഴിഞ്ഞ പ്രദേശങ്ങള്‍ ധാരാളം പ്രകടമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാര്‍ട്ടിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ജനങ്ങള്‍ കുറഞ്ഞതെന്നതാണ് ബിജെപിയെയും കുഴക്കിയിട്ടുള്ളത്.

എന്നാല്‍ യോഗത്തില്‍ പത്ത് ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് ബിജെപി ബംഗാള്‍ ഘടകം മേധാവി ദിലീപ് ഘോഷ് അവകാശപ്പെട്ടു.

വലിയ മൈതാനം മുള ഉപയോഗിച്ച് പ്ലോട്ടുകളായി തിരിച്ച് ജനങ്ങള്‍ ഒരിടത്തുതന്നെ കൂടിനില്‍ക്കുന്നത് ഒഴിവാക്കി അവരെ ചിതറിക്കുന്ന ശൈലിയാണ് പരീക്ഷിച്ചതെങ്കിലും അതും വിജയിച്ചില്ല. പല പ്ലോട്ടുകളിലും ആരും ഉണ്ടായിരുന്നില്ല. അതേസമയം വേദിക്കരികെ നിന്ന് എടുക്കുന്ന ഫോട്ടോകള്‍ ജനങ്ങള്‍ ഉള്ളതായി തോന്നുകയും ചെയ്യും. മറു ഭാഗത്തുനിന്നുള്ള ഫോട്ടോകള്‍ പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

മോദിയുടെ യോഗത്തിനെത്തിയത് ശരാശരി ജനക്കൂട്ടം മാത്രമായിരുന്നെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഷുഹൈബ് ദാനിയല്‍ ട്വീറ്റ് ചെയ്തു. ഈ പ്രവണത 2019ലും പ്രകടമായിരുന്നെന്നും അദ്ദേഹം പറയുന്നു. 


ആളുകള്‍ തിങ്ങി നില്‍ക്കുന്ന ഡ്രോണ്‍ ഉപയോഗിച്ചെടുത്ത ചില ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണഭീഷണി മൂലം തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് എത്താനായില്ലെന്ന് ചില ബിജെപി നേതാക്കള്‍ വാദിക്കുന്നു.

ഇതേ വേദിയില്‍ വച്ചാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്.

Tags: