രാജ്യം നേരിടുന്ന ഇരട്ടതിന്മ കുടുംബവാഴ്ചയും അഴിമതിയുമെന്ന് മോദി; മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ഗാന്ധി

Update: 2022-08-15 12:12 GMT

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ രാജ്യം നേരിടുന്ന രണ്ട് വലിയ വെല്ലുവിളികള്‍ എന്ന പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിസമ്മതിച്ചു. അഴിമതിയും സ്വജനപക്ഷപാതവുമാണ് ഇന്ത്യ നേരിടുന്ന ഇരട്ട തിന്മകളെന്നാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്.

'അഴിമതി രാജ്യത്തെ ചിതല്‍ പോലെ നശിപ്പിക്കുന്നു. രാജ്യം അതിനെതിരെ പോരാടേണ്ടതുണ്ട്... അഴിമതി തുടച്ചുനീക്കണം,' പ്രധാനമന്ത്രി മോദി പറഞ്ഞു.

'കുടുംബഭരണത്തിന്റെ നിഴല്‍ പല സ്ഥാപനങ്ങളിലുമുണ്ട്. കുടുംബഭരണം കൊണ്ട് നമ്മുടെ പല സ്ഥാപനങ്ങളും നമ്മുടെ കഴിവുകള്‍ക്കും രാജ്യത്തിന്റെ കഴിവുകള്‍ക്കും കോട്ടം വരുത്തുന്നു. അഴിമതിക്ക് കാരണമാവുന്നു. ഇത്തരം നയങ്ങളോട് സഹിഷ്ണുതആവശ്യമില്ല. കുടുംബത്തിന്റെ ക്ഷേമവുമായി രാജ്യത്തിന്റെ ക്ഷേമത്തിന് യാതൊരു ബന്ധവുമില്ല, പരിവാരവാദത്തിന്റെ ചങ്ങലകളില്‍ നിന്ന് നമുക്ക് രാഷ്ട്രീയത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ശുദ്ധീകരിക്കാം,' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല: 'ഞാന്‍ ഈ കാര്യങ്ങളില്‍ അഭിപ്രായം പറയില്ല, എല്ലാവര്‍ക്കും സ്വാതന്ത്ര്യ ആശംസകള്‍.'-രാഹുല്‍ പറഞ്ഞു.

ഇന്ത്യ 75ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഹുല്‍ ട്വീറ്റ് ചെയ്തു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വാതന്ത്രദിന പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണി പങ്കിട്ടുകൊണ്ട്, ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചുള്ള ചിത്രങ്ങളുടെ ഒരു കൊളാഷ് അദ്ദേഹം പോസ്റ്റ് ചെയ്തു.

നമ്മുടെ ഏറെ പ്രിയപ്പെട്ട പുരാതനവും ശാശ്വതവും നൂതനവുമായ മാതൃരാജ്യമായ ഇന്ത്യയ്ക്ക് ആദരപൂര്‍വമായ ഹൃദയാഞ്ജലികള്‍ അര്‍പ്പിക്കുന്നു, തങ്ങള്‍ സദാ സേവനസന്നദ്ധരാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Tags:    

Similar News