മോദി ഭരണം ഹിന്ദുത്വ ഫാഷിസ്റ്റ് കോര്‍പറേറ്റ് കേന്ദ്രീകൃതം: അഡ്വ. തമ്പാന്‍ തോമസ്

കമ്മ്യൂനിസ്റ്റ് പാര്‍ട്ടികള്‍ തനിച്ച് ഇന്ത്യയില്‍ ബിജെപിക്ക് ദേശീയ ബദല്‍ ശക്തിയാകുകയില്ല. ജനതാദള്ളുകള്‍ അപ്രസക്തമാണ്. കോണ്‍ഗ്രസ് സമ്മിശ്ര ആശയങ്ങളെ പ്രതിനിധീകരിയ്ക്കുന്നതും കലാപകൂടാരവുമാണ്.

Update: 2021-10-09 09:50 GMT

തിരുവനന്തപുരം: മോദി ഭരണം ഹിന്ദുത്വ ഫാഷിസ്റ്റ് കോര്‍പറേറ്റ് കേന്ദ്രീകൃതമാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്. ഇന്ത്യന്‍ ദേശീയത മതേതരത്വത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വേരൂന്നിയതാണ്. രാജ്യത്തിനാവശ്യം ഒരു സോഷ്യലിസ്റ്റ് ബദല്‍ തന്നെയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2024ലെ തിരഞ്ഞെടുപ്പോടെ ഇതു നേടിയെടുക്കണം. അതിന് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണവും പ്രതിപക്ഷങ്ങളുടെ ഐക്യവും അനിവാര്യമാണ്. കമ്മ്യൂനിസ്റ്റ് പാര്‍ട്ടികള്‍ തനിച്ച് ഇന്ത്യയില്‍ ബിജെപിക്ക് ദേശീയ ബദല്‍ ശക്തിയാകുകയില്ല. ജനതാദള്ളുകള്‍ അപ്രസക്തമാണ്. കോണ്‍ഗ്രസ സമ്മിശ്ര ആശയങ്ങളെ പ്രതിനിധീകരിയ്ക്കുന്നതും കലാപകൂടാരവുമാണ്. സോഷ്യലിസത്തില്‍ അടിത്തറ പാകിയെങ്കിലും ആഗോളവത്ക്കരണവും കോര്‍പറേറ്റ് പ്രീണനവും അവര്‍ പരിപാടികളായി അംഗീകരിച്ചു. ബിജെപിയ്ക്കു തനതായ ഒരു ബദലായി കോണ്‍ഗ്രസിന് ഇനി വളരാനാവില്ല. വിശ്വസനീയത നഷ്ടപ്പെട്ട നേതൃത്വങ്ങളാണ് കിടമത്സരങ്ങള്‍ നടക്കുന്ന ആ പാര്‍ട്ടികളിലുള്ളത്.

സെപ്തംബര്‍ 26, 27 തിയ്യതികളില്‍ മഹാരാഷ്ട്രയിലെ വാര്‍ദ്ധയില്‍ ചേര്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ 6മത് ദൈ്വ വാര്‍ഷിക സമ്മേളനം, പ്രതിപക്ഷനിര പടുത്തുയര്‍ത്താനുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 30, 31 തിയ്യതികളില്‍ ലഖനൗവില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗം ആസന്നമായ പഞ്ചാബ്, യു.പി തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്‌ക്കെതിരെ ഒറ്റ സ്ഥാനാര്‍ത്ഥി എ സമീപനം വിജയിപ്പിക്കാന്‍ നടപടി സ്വീകരിയ്ക്കും. കര്‍ഷക സമരത്തിന് പിന്തുണ നല്കുക വഴി ഇതു നേടിയെടുക്കാനാകും. ഇന്ത്യ സമ്പൂര്‍ണ ദാരിദ്ര്യവത്ക്കരണത്തിലേയ്ക്കും കോര്‍പ്പറേറ്റുകളുടെ കൈയ്യില്‍ അധികാര സാമ്പത്തിക കേന്ദ്രീകരണത്തിലേയ്ക്കും നീങ്ങിയിരിയ്ക്കുകയാണ്. റയില്‍വേ, എയര്‍പോര്‍ട്ട്, എയര്‍ലൈന്‍സ്, തുറമുഖങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അവസാനമായി കൃഷിഭൂമിയും യഥേഷ്ടം മുതലെടുക്കാന്‍ സ്വകാര്യ കുത്തകകള്‍ക്ക് വിട്ടു കൊടുക്കുന്നു. അതിനു ബദലായി അവര്‍ ബിജെപിയെ ഭരണത്തില്‍ തുടരാന്‍ അവസരമൊരുക്കുന്നു. ഈ ചങ്ങാത്ത മുതലാളിത്വത്തില്‍ നിന്നും നാടിനെ രക്ഷിയ്ക്കുക എന്നതാണ് നമ്മുടെ ചുമതല. ജാതിയും, വിഭാഗീയതയും, പ്രീണനവും പരിപാടിയായി മോദി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. സുശക്തമായ ഒരു എകീകൃത പ്രതിപക്ഷ നിരയാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി ലക്ഷ്യമെന്നും തമ്പാന്‍ തോമസ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ദേശീയ പ്രസിഡന്റ് അഡ്വ. എസ് രാജശേഖരന്‍ നായര്‍, സംസ്ഥാന ഭാരവാഹികളായ ടോമി മാത്യു, മലയിന്‍കീഴ് ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: