കൊവിഡ് ഉത്തേജക പാക്കേജ് 20 ലക്ഷം കോടിയുടേതല്ല, 3.22 ലക്ഷം കോടിയുടേത്; ബിജെപി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ്

Update: 2020-05-18 16:56 GMT

ന്യൂഡല്‍ഹി: കൊവിഡ് ഉത്തേജക പാക്കേജ് ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പ് മാത്രമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. സാമ്പത്തിക പാക്കേജിന്റെ പേരില്‍ ബിജെപി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ്. ധനമന്ത്രി പ്രഖ്യാപിച്ചത് ജിഡിപിയുടെ 1.6 ശതമാനം വരുന്ന 3.22 ലക്ഷം കോടി രൂപമാത്രമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ന് ധനമന്ത്രി പുറത്തുവിട്ട കണക്കുകളില്‍ രാജ്യത്തെ പൂര്‍വസ്ഥിതിയിലാക്കുന്നതിനുള്ള ഒരു പ്രഖ്യാപനം പോലുമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കേന്ദ്ര ധനമന്ത്രിയുടെ 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയിലാണ് മുതിരന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ബിജെപി നേതാക്കള്‍ക്കും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ചത്.

ദരിദ്ര, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കൈയിലേക്ക് പണം നല്‍കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നു അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ആനന്ദ് ശര്‍മ്മയുടെ പ്രസംഗം.

സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതും ആളുകള്‍ക്ക് വായ്പയും നേരിട്ട് പണം നല്‍കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാണോ എന്ന് അദ്ദേഹം ധനമന്ത്രിയെ വെല്ലുവിളിച്ചു. പ്രധാനമന്ത്രി അവകാശപ്പെടുന്ന പ്രകാരം 20 ലക്ഷം കോടിയുടെ പദ്ധതിയല്ല, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും 3.22 ലക്ഷം രൂപയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

'സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് 3.22 ലക്ഷം കോടി രൂപയുടേത് മാത്രമാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ 1.6 ശതമാനം മാത്രമേ വരൂ''- പത്രസമ്മേളനത്തില്‍ സംസാരിക്കവേ ശര്‍മ പറഞ്ഞു. 

Tags:    

Similar News