'വോട്ട് കൊള്ളയിലൂടെ മോദി അധികാരത്തിലേറി'; ഫ്രീഡം പാര്‍ക്കില്‍ പ്രതിപക്ഷ പ്രതിഷേധം

Update: 2025-08-08 09:13 GMT

ബെംഗളൂരു: വോട്ട് കൊള്ളയിലൂടെയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് ബിജെപിയുടെ വോട്ട് മോഷണത്തിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍പ്പട്ടികയില്‍ അനധികൃതമായി ആളുകളെ ചേര്‍ത്തതിനും വോട്ട് മോഷണം നടത്തിയെന്ന് അവര്‍ പറഞ്ഞു.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ഗാന്ധി പ്രസംഗത്തിന് തുടക്കമിട്ടത്.കര്‍ണാടകയില്‍ കോണ്‍ഗ്രസ് തോറ്റതാണോ തോല്‍പിക്കപ്പെട്ടതാണോയെന്ന് രാഹുല്‍ ചോദിച്ചു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ കണക്കുകള്‍ ഉദാഹരണമാക്കിയാണ് രാഹുല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

'രാജ്യത്ത് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചാരണം നടത്തുന്നത്. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തണം. എന്നാല്‍ രാജ്യത്ത് നേരെ മറിച്ചാണ് സംഭവിക്കുന്നത്. വോട്ടര്‍മാരുടെ വോട്ടിംഗ് പ്രക്രിയയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്നു,' മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. വോട്ടര്‍ തട്ടിപ്പിനെക്കുറിച്ച് ലോകത്തെ അറിയിക്കുക എന്നതാണ് ലക്ഷ്യമെന്നും ബിജെപിയുടെ ലക്ഷ്യം പ്രതിപക്ഷ പാര്‍ട്ടിയെ നശിപ്പിക്കുക എന്നതാണെന്നും കോണ്‍ഗ്രസ് എംഎല്‍എ രൂപ ശശിധര്‍ പറഞ്ഞു. ജനാധിപത്യത്തെ നശിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു. ബീഹാറില്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വോട്ടര്‍മാരെ പിഴുതെറിയുന്നു. മഹാദേവപുരയില്‍ അവരെ ചേര്‍ക്കുന്നു. ബിജെപി ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ ചേര്‍ക്കും, അവര്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ അവരെ പിഴുതെറിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: