മോദിയും കൂട്ടരും മുടിയനായ പുത്രന്റെ റോളില്‍; ആസ്തി വിറ്റുതുലയ്ക്കാനുള്ള നീക്കത്തിനെതിരേ പിഡിപി

Update: 2021-08-24 12:18 GMT

കൊച്ചി: നഷ്ടക്കണക്ക് പറഞ്ഞ് പൊതുസ്വത്തുക്കളെല്ലാം സ്വകാര്യമേഖലക്ക് വിറ്റ് തുലക്കുന്ന മോദിയും കൂട്ടരും മുടിയനായ പുത്രന്റെ റോളിലാണെന്ന് പിഡിപി കേന്ദ്രകമ്മിറ്റി. രാജ്യത്തിന്റെ പൊതു ഖജനാവില്‍ നിന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിക്കപ്പെട്ടാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയതും നിലനിര്‍ത്തിപ്പോരുന്നതും. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമാണ് അതിനായി ചെലവഴിക്കപ്പെട്ടത്.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ രൂപീകരണത്തിലോ നിലനില്‍പ്പിലോ യാതൊരു പങ്കാളിത്തവും വഹിച്ചിട്ടില്ലാത്ത ഭരണാധികാരികള്‍ക്ക് അതെല്ലാം കേവലം വില്പന ചരക്കുകളാണ്. 2014ന് ശേഷം സ്വകാര്യമേഖലക്ക് വിറ്റുതുലച്ച നൂറുകണക്കിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പകരം മോദി സര്‍ക്കാര്‍ പൊതുമേഖലയില്‍ കൊണ്ടുവന്ന പുതിയ ആസ്ഥികളോ സ്ഥാപനങ്ങളോ ചൂണ്ടിക്കാണിക്കാന്‍ രാജ്യത്തെവിടെയും ഇല്ല. 2021-25 കാലഘട്ടത്തില്‍ ആറ് ലക്ഷം കോടി രൂപയുടെ പൊതുസ്വത്തുക്കള്‍ സ്വകാര്യമേഖലക്ക് വില്‍ക്കാന്‍ നടപടികളെടുത്തിട്ടുള്ള സര്‍ക്കാര്‍ പ്രസ്തുത തീരുമാനത്തില്‍ നിന്ന് പിന്‍മാറണം. നഷ്ടക്കണക്ക് പറഞ്ഞ് ആക്രി വിലക്ക് രാജ്യത്തിന്റെ ആസ്ഥികള്‍ വിറ്റുതുലക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുകയാണെന്ന് പി.ഡി.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.