മോക്ക് പാര്‍ലമെന്റ്: 14 പ്രതിപക്ഷപാര്‍ട്ടികള്‍ നാളെ യോഗം ചേരും

Update: 2021-08-02 09:08 GMT

ന്യൂഡല്‍ഹി: നിരന്തരം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ മോക്ക് പാര്‍ലമെന്റ് ചേരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ 14 പ്രതിപക്ഷ നേതാക്കള്‍ നാളെ തലസ്ഥാനത്ത് യോഗം ചേരും. കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് യോഗം നടക്കുന്നത്.

രാവിലെ 9.30ന് ആരംഭിക്കുന്ന യോഗത്തില്‍ പ്രമുഖരായ പ്രതിപക്ഷനേതാക്കള്‍ പങ്കെടുക്കും. തങ്ങളെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന പരാതിയിലാണ് യോഗം ചേരാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

കഴിഞ്ഞ ആഴ്ചയിലും സമാനമായ യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം.

ജൂലൈ 19ന് വര്‍ഷകാല സമ്മേളനം തുടങ്ങിയെങ്കിലും പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിനെതിരേ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. അന്നു മുതല്‍ പാര്‍ലമെന്റ് നടപടികളും സ്തംഭിച്ചിരിക്കുകയാണ്. അതേസമയം പ്രതിപക്ഷത്തിന്റെ അഭാവത്തിലും കേന്ദ്രം പ്രധാനപ്പെട്ട ബില്ലുകള്‍ പാസ്സാക്കുന്നുണ്ട്.

133 കോടി രൂപ സര്‍ക്കാരിന് നഷ്ടമായെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. 

Tags: