പ്രഫസറോ, ഡോക്ടറോ; വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പരാതി

Update: 2021-06-11 11:36 GMT

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി പരാതി. സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍ ബിന്ദു എന്ന് രേഖപ്പെടുത്തിയത് തിരുത്തി ഡോ. ആര്‍ ബിന്ദുവാണെന്ന് അറിയിച്ചിരുന്നു. ഇത് ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയത് സര്‍ക്കാരിന് തന്നെ ബോധ്യപ്പെട്ടതിനാലാണ്. അതിനാല്‍ മന്ത്രി വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയുടെ പരാതിയില്‍ പറയുന്നത്.

തൃശൂര്‍ കേരള വര്‍മ കോളജില്‍ ഇംഗ്ലീഷ് അസോസിയേറ്റ് പ്രഫസറായ ആര്‍ ബിന്ദു സത്യപ്രതിജ്ഞയില്‍ സ്വയം പ്രഫസര്‍ എന്നാണ് വിശേഷിപ്പിച്ചത്. ഡോ. ബിന്ദു പ്രഫസറല്ലെന്നും ഇത് ആള്‍മാറാട്ടത്തിന് തുല്യമാണെന്നും പരാതിയില്‍ പറയുന്നു. അസത്യപ്രസ്താവന നടത്തി മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സമിതി പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫസര്‍ ആര്‍ ബിന്ദുവല്ല ഇനി മുതല്‍ ഡോക്ടര്‍ ബിന്ദുവാണെന്നറിയപ്പെടുകയെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞയില്‍ സ്വയം പ്രഫസര്‍ എന്ന് വിശേഷിപ്പിച്ചത് നിയമനടപടി വിളിച്ചു വരുത്തുമെന്ന് മുന്നില്‍ കണ്ടാണ് വിജ്ഞാപനമെന്നായിരുന്നു റിപോര്‍ട്ടുകള്‍.

Tags:    

Similar News