എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കും; മകള്‍ ആശയുടെ ഹരജി തളളി ഹൈക്കോടതി

Update: 2024-12-18 05:38 GMT

കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കും. മകള്‍ ആശാ ലോറന്‍സിന്റെ ഹരജി തള്ളി കൊണ്ടാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നല്‍കരുതെന്ന ഹരജി തള്ളിയത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ലോറന്‍സ് കഴിഞ്ഞ സെപ്തംബര്‍ 21നാണ് അന്തരിച്ചത്. മൂന്നു മാസമായി മോര്‍ച്ചറിയിലാണ് മൃതദേഹം. നിലവില്‍ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.

മൃതദേഹം പഠനാവശ്യത്തിന് കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതും കോടതിയില്‍ പോയതും മകള്‍ ആശ ലോറന്‍സായിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് മകന്‍ സജീവനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം ചികിത്സയിലിരിക്കെ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എംഎം ലോറന്‍സ് വ്യക്തമാക്കിയിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ആശ പറഞ്ഞു.

Tags: