എംഎല്‍എ വിജയന്‍ പിള്ള അന്തരിച്ചു
ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു വിജയന്‍ പിള്ള.
കൊച്ചി: ചവറ എംഎല്‍എ വിജയന്‍പിള്ള (69) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരള്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു വിജയന്‍ പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്രനായാണ് മത്സരിച്ച് ജയിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനെയാണ് വിജയന്‍ പിള്ള തോല്‍പ്പിച്ചത്. ഭാര്യ: സുമാദേവി, മൂന്നു മക്കള്‍.ആര്‍എസ്പി ബേബി ജോണ്‍ വിഭാഗ നേതാവായിരുന്നു വിജയന്‍ പിള്ള. ബേബി ജോണ്‍ മരിച്ചപ്പോള്‍ കെ കരുണാകരന്‍ രൂപീകരിച്ച ഡിഐസിയില്‍ ചേര്‍ന്നു. ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ ഒപ്പം പോകാന്‍ വിജയന്‍ പിള്ള ഒരുങ്ങിയില്ല. 2006ല്‍ എന്‍ കെ പ്രേമചന്ദ്രന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പിന്നീട് എ കെ ആന്റണിയുടെ നിര്‍ബന്ധപ്രകാരം കോണ്‍ഗ്രസിലെത്തി ഡിസിസി സെക്രട്ടറിയായി.
ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് വിജയന്‍പിള്ള യുഡിഎഫില്‍നിന്ന് അകന്നു. മദ്യവ്യവസായികള്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ പ്രസ്താവനയെ തുടര്‍ന്ന് ഡിസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങി. എല്‍ഡിഎഫ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പുറത്താക്കി. പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നടത്തിയപ്പോള്‍ ചവറയിലും കുന്നത്തൂരിലും പിണറായിക്കൊപ്പം വേദി പങ്കിട്ടു. തുടര്‍ന്ന് എല്‍ഡിഎഫ് സഹയാത്രികനായി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിനൊപ്പം ചേര്‍ന്ന് ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി. ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആര്‍എസ്പി ഇതര എംഎല്‍എ ആണ് എന്‍ വിജയന്‍ പിള്ള. ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1951ലാണ് വിജയന്‍പിള്ള ജനിച്ചത്.
