സിദ്ദിഖ് കാപ്പന്റെ മോചനത്തിനുവേണ്ടി രാഷ്ട്രീയ കേരളം ഒന്നിച്ചുനില്‍ക്കണെന്ന് എം കെ മുനീര്‍

Update: 2021-04-25 08:50 GMT

കോഴിക്കോട്: സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി അടിയന്തരമായ ഇടപെടല്‍ നടത്തണമെന്ന് മുസ് ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. സിദ്ദിഖ് കാപ്പന് അടിയന്തിരമായി കൊവിഡ് ചികിത്സ സൗകര്യം ലഭ്യമാവണം. അദ്ദേഹത്തിന്റെ മോചനം എത്രയും വേഗം സാധ്യമാകണം. നീതി ലഭ്യമാവണം. മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ കേരളം ഒന്നിച്ച് കൈകോര്‍ക്കേണ്ട സമയമാണിതെന്നും മുനീര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്യന്തം ദാരുണമായ അവസ്ഥയില്‍ കൂടിയാണ് സിദ്ദിഖ് കാപ്പന്‍ എന്ന മലയാളി പത്രപ്രവര്‍ത്തകന്‍ കടന്നു പോകുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് ബാധിതനായ അദ്ദേഹം ബാത്ത്‌റൂമില്‍ തല കറങ്ങി വീഴുകയും താടിയെല്ല് പൊട്ടുകയും ശരീരമാസകലം വേദന അനുഭവിക്കുകയും ചെയ്യുന്ന അവശനിലയിലാണ് ഉള്ളതെന്ന് ഭാര്യ പറയുന്നു. ചങ്ങലയില്‍ കിടന്ന് പ്രാഥമിക കാര്യങ്ങള്‍ പോലും നിര്‍വ്വഹിക്കാനാവാത്ത തരത്തില്‍ ജയിലില്‍ ക്രൂര മര്‍ദ്ദനമാണ്, ഉടന്‍ ചികിത്സ ലഭ്യമായില്ലെങ്കില്‍ അദ്ദേഹത്തിന്റെ അവസ്ഥ കൂടുതല്‍ മോശമാകുമെന്നും പുറത്ത് വരുന്നു.

കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് തേടി റിപോര്‍ട്ടിംഗിന്റെ ഭാഗമായി ഹഥ്രാസിലേക്ക് പോയ മലയാളി പത്രപ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പന്‍. പിന്നീടദ്ദേഹം തിരിച്ചു വന്നിട്ടില്ല. പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് കൂടിയായ അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് ഹാഥ്രസിലേക്ക് എത്തും മുന്‍പെ പിടിയിലായി. അദ്ദേഹത്തിന്റെ പേര് നോക്കി അറസ്റ്റ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് പോലിസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സിദ്ദിഖ് കാപ്പന്റെ കാര്യത്തില്‍ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. അതിന് മാത്രംഎന്ത് കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്? യോഗിയും മോദിയും ഷായും തീര്‍ത്ത തടവറകളില്‍ എത്ര പേര്‍ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവണം. കരുതല്‍ തടങ്കല്‍ അനുഭവിക്കുന്ന മനുഷ്യരെ കുറിച്ചുള്ള വാര്‍ത്തകളെത്ര നാം കേള്‍ക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് നാം തിരിച്ചു പോവുകയാണോ? എന്തു കൊണ്ടാണ് മലയാളിയായ ഒരു പത്രപ്രവര്‍ത്തകന്റെ അകാരണമായ അറസ്റ്റിലും അദ്ദേഹത്തോടുള്ള മനുഷ്യാവകാശ ലംഘനത്തിലും സംസ്ഥാന ഗവണ്‍മെന്റും നിശബ്ദമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News