ഗുവാഹത്തി: മിസോറാം അസം അതിര്‍ത്തിയില്‍ അംസ പോലിസിനെതിരേ മിസോറാം പോലിസ് ലൈറ്റ് മെഷീന്‍ ഗണ്‍ പ്രയോഗിച്ചതായി അസം മുഖ്യമന്ത്രി. തോക്ക് ഉപയോഗിച്ച് ആക്രമിച്ചതിന്റെ തെളിവുകള്‍ അസം പോലിസിന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ ആരോപിച്ചു. ഇത്തരം നടപടികള്‍ നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അതിര്‍ത്തിത്തര്‍ക്കം രൂക്ഷമായ മിസോറം, അസം അതിര്‍ത്തിയില്‍ അഞ്ച് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹിമാന്ത ശര്‍മ പറഞ്ഞു. നേരത്തെ ആറ് ഓഫിസര്‍മാര്‍ മരിച്ചിരുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
അന്യോന്യം നടന്ന ആക്രമണത്തില്‍ 50ഓളം പേര്‍ക്ക് പരിക്കേറ്റു. അസം ജില്ലയിലെ സിച്ചാര്‍ എസ് പിക്ക് വെടിയേറ്റിട്ടുണ്ട്.
മിസോറം ലൈലപൂരില്‍ റിസര്‍വ് വനത്തിനുള്ളില്‍ സൈനിക ക്യാമ്പ് നിര്‍മിച്ചതായി അസം സര്‍ക്കാര്‍ ആരോപിച്ചു.
അസം പോലിസ് മിസോറമിന്റെ അതിര്‍ത്തി കടന്നതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് മിസോറം സര്‍ക്കാര്‍ ആരോപിച്ചു. സംസ്ഥാന പോലിസ് സേനക്കുനേരെ അസം പോലിസ് നിറയൊഴിച്ചതായും മിസോറം ആരോപിച്ചു.
മിസോറമും അസമും തമ്മില്‍ നിലവിലുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ അമിത് ഷാ ഇടപെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ ഏറ്റുമുട്ടല്‍ ഉണ്ടായത്. അതിര്‍ത്തിപ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രി അഭ്യര്‍ത്ഥിച്ചു.
രണ്ട് ഭാഗത്തുനിന്നുള്ള ആക്രമണത്തിന്റെയും വീഡിയോകള്‍ ഇരുമുഖ്യമന്ത്രിമാരും ട്വിറ്ററിലൂടെ പുറത്തുവിട്ടു. ആഭ്യന്തര മന്ത്രി പ്രശ്‌നത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.
അസമില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കിടയില്‍ അതിര്‍ത്തിത്തര്‍ക്കം കുഴഞ്ഞുമറിഞ്ഞ പ്രശ്‌നമാണ്. മിസോറാമിനേക്കാള്‍ കൂടുതല്‍ സംഘര്‍ഷം നടക്കുന്നത് നാഗാലാന്‍ഡുകാരുമായാണ്.
അസമില്‍ നിന്ന് ഏതാനുംപ്രദേശങ്ങള്‍ മുറിച്ചെടുത്താണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പുതിയ സംസ്ഥാനങ്ങളുണ്ടാക്കിയത്. മിസോറാം നേരത്തെ അസമില്‍ ഉള്‍പ്പെട്ട ഒരു ജില്ലയായിരുന്നു. അതാണ് പിന്നീട് മറ്റ് ചില ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഒരു സംസ്ഥാനമാക്കിയത്.
മിസോറാം, അസം അതിര്‍ത്തി ഏകദേശം 165 കിലോമീറ്റര്‍ നീളംവരും. മുന്‍കാലങ്ങളില്‍ മിസോറാം ലുഷായ് ഹില്‍സ് എന്ന പേരില്‍ അസമിലെ ഒരു ജില്ലയായിരുന്നു.
രണ്ട് പ്രദേശങ്ങള്‍ക്കുമിടയില്‍ രണ്ട് അതിര്‍ത്തിനിര്‍യനങ്ങളാണ് വിവിധ കാലങ്ങള്‍ക്കിടയില്‍ നടന്നിട്ടുള്ളത്. ഒന്ന് 1875 കാലത്തും മറ്റൊന്ന് 1933ലും. ലുമായ് കുന്നുകളും മണിപ്പൂരും തമ്മിലുള്ള അതിര്‍ത്തിയാണ് അന്ന് നിര്‍ണയിച്ചത്.
1875 നോട്ടിഫിക്കേഷന്‍ അനുസരിച്ച് അതിര്‍ത്തി നിര്‍ണയിക്കണമെന്നാണ് മിസോറംകാരുടെ വാദം. ബംഗാള്‍ ഈസ്‌റ്റേണ്‍ റഗുലേഷന്‍(ബിഇഎഫ്ആര്‍)നിയമം, 1873 നിയമമനുസരിച്ചാണ് അന്നത്തെ അതിര്‍ത്തിനിര്‍ണയം നടന്നത്.
1933ലാണ് രണ്ടാമത്തെ അതിര്‍ത്തി നിര്‍ണയം നടന്നത്. 1933ലെ കരാര്‍ തങ്ങള്‍ അറിഞ്ഞുകൊണ്ടല്ലെന്നാണ് മിസോറാംകാരുടെ വാദം. അത് തള്ളിക്കളയണമെന്നും അവര്‍ പറയുന്നു.

