ദൗത്യം വിജയം; ധോണി മേഖലയെ വിറപ്പിച്ച പിടി സെവന്‍ കൂട്ടില്‍

Update: 2023-01-22 08:59 GMT

പാലക്കാട്: ധോണി മേഖലയെ മാസങ്ങളായി വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ വനംവകുപ്പ് കൂട്ടിലാക്കി. മയക്കുവെടി വച്ച് തളച്ച പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ധോണി ഫോറസ്റ്റ് സ്‌റ്റേഷനിലെ കൂട്ടിലേക്ക് മാറ്റി. ദൗത്യം വിജയകരമായതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രത്യേക കൂട്ടിലാക്കിയിരിക്കുന്ന പിടി സെവനിന് ഇനി കുങ്കിയാനയാവാനുള്ള പരിശീലനം നല്‍കും. യൂക്യാലിപ്റ്റ്‌സ് മരങ്ങള്‍ കൊണ്ട് നിര്‍മിച്ച പ്രത്യേക കൂട്ടിലാണ് പിടി സെവനെ തളച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.10ന് അമ്പത് മിറ്റര്‍ ദൂരത്തു നിന്നാണ് പിടി സെവനെ വെടിവച്ചത്. ഇടത് ചെവിക്ക് താഴെ മുന്‍കാലിന് മുകളിലാണ് ആനയ്ക്ക് വെടിയേറ്റത്.

ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവച്ചത്. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാന്‍ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ മൂന്ന് കുങ്കിയാനകളാണ് പിടി സെവനെ മെരുക്കാന്‍ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടി വച്ച് മൂന്നരമണിക്കൂറിന് ശേഷമാണ് ആനയെ കുങ്കിയാനകളുടെ സഹായത്താല്‍ ലോറിയിലേക്ക് കയറ്റാന്‍ സാധിച്ചത്. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാന്‍ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Tags:    

Similar News