കോഴിക്കോട്: കൊടുവള്ളിയില്‍ നിന്നു കാണാതായ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസ് റോഷനെ കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കണ്ടെത്തല്‍.
തട്ടികൊണ്ടു പോയ സംഘം തന്നെ വേറെ ഒരു വാഹനത്തില്‍ ഇയാളെ മലപ്പുറത്തെത്തിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍. പ്രതികള്‍ക്കു വേണ്ടി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ മറ്റു പ്രതികള്‍ പേലിസ് പിടികൂടുമെന്ന ഘട്ടമെത്തിയപ്പോള്‍ റോഷനെ റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പോലിസ് കണ്ടെത്തല്‍. വീട്ടില്‍ നിന്നാണ് വാഹനത്തിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടു പോയത്. അജ്മല്‍ റോഷന്‍ പലരില്‍ നിന്നായി പണം കൈപറ്റിയിട്ടുണ്ട് . ഈ തുക തിരികെ ചോദിച്ച് നേരത്തെ പലരും കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കേയാണ് തട്ടിക്കൊണ്ട് പോകല്‍.
നിലവില്‍ റോഷനെ കൊടുവള്ളി പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. കേസ് സംബന്ധമായ മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷമായിരിക്കും ഇയാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. കേസില്‍ ഇതുവരെ നാലു പേരെ പോലിസ് പിടികൂടി.
