ബാലറ്റ് പെട്ടി കാണാതായ സംഭവം: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2023-01-19 07:25 GMT

മലപ്പുറം: തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തപാല്‍ വോട്ടടങ്ങിയ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ ട്രഷറി വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. പെരിന്തല്‍മണ്ണ ട്രഷറി ഓഫിസര്‍ എന്‍ സതീഷ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെയാണ് സംസ്ഥാന ട്രഷറി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ബാലറ്റ് പെട്ടി മലപ്പുറത്തേക്ക് കൊണ്ടുപോയ സമയത്ത് ട്രഷറിയുടെ ചുമതല ഇവര്‍ക്കായിരുന്നു.

വീഴ്ചയുണ്ടായെന്ന ജില്ലാ ട്രഷറി ഓഫിസറുടെ പ്രാഥമിക റിപോര്‍ട്ട് കണക്കിലെടുത്താണു നടപടി. ഇവര്‍ക്ക് പുറമെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്‌പെഷ്യല്‍ തപാല്‍വോട്ടടങ്ങിയ രണ്ട് ഇരുമ്പുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.

പിന്നീട് മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫിസില്‍നിന്നാണ് പെട്ടി കണ്ടെത്തിയത്. ബാലറ്റ് പെട്ടി കാണാതായ സംഭവം അതീവഗുരുതരമെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 2021 ഏപ്രില്‍ ആറിന് നടന്ന തിരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരം 38 വോട്ടിനാണ് വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്‌പെഷ്യല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഇത് ചോദ്യം ചെയ്താണ് എതിര്‍സ്ഥാനാര്‍ഥി കെ പി എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.

Tags: