ബിഷപ്പിനെ പ്രശംസിച്ച മന്ത്രിയുടെ നടപടി മുസ്‌ലിങ്ങളെ അവഹേളിക്കുന്നത്; വംശീയത പ്രചരിപ്പിക്കുന്നവരെ നിലക്ക് നിര്‍ത്തണമെന്നും ജംഇയ്യത്തുല്‍ ഉലമ
ജിഹാദെന്ന വിശുദ്ധ പദത്തെ, അനാശാസ്യതകളോട് ചേര്‍ത്തു പറഞ്ഞ് ഖുര്‍ആനിനെ അപകീര്‍ത്തിപ്പെടുത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച്, അദ്ദേഹത്തെ മഹാനെന്ന് പ്രശംസിച്ച മന്ത്രി വിഎന്‍ വാസവന്റെ നടപടി നിരുത്തരവാദപരവും ഇസ്‌ലാമിക സമൂഹത്തോടുളള അവഹേളനവുമാണ്.
തിരുവനന്തപുരം: മതേതര ജനാധിപത്യത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ വംശീയതയും വര്‍ഗ്ഗീയതയും പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുന്ന ദുശക്തികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലക്ക് നിര്‍ത്തണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ഭരണത്തിന്റെ തണലില്‍ സംഘ്പരിവാരശക്തികള്‍ പകരുന്ന ആത്മബലത്തിലാണ് ഇസ്‌ലാമിക സമൂഹത്തെ അപമാനിക്കുന്നതിന് പലരും രംഗത്തിറങ്ങിയിട്ടുളളത്.
ജിഹാദെന്ന വിശുദ്ധ പദത്തെ, അനാശാസ്യതകളോട് ചേര്‍ത്തു പറഞ്ഞ് ഖുര്‍ആനിനെ അപകീര്‍ത്തിപ്പെടുത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച്, അദ്ധേഹത്തെ മഹാനെന്ന് പ്രശംസിച്ച മന്ത്രി വിഎന്‍ വാസവന്റെ നടപടി നിരുത്തരവാദപരവും ഇസ്‌ലാമിക സമൂഹത്തോടുളള അവഹേളനവുമാണ്.
മുസ്‌ലിം നാമധാരികളായ ചിലരില്‍ നിന്നുമുണ്ടാവുന്ന ഒറ്റപ്പെട്ട തിന്മകളെ ഉപയോഗപ്പെടുത്തി, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപമാനിക്കാനും ആക്രമിക്കാനും അവസരമാക്കുന്ന നടപടി ഏത് ഭാഗത്ത് നിന്നുണ്ടായാലും മതപണ്ഡിതര്‍ മുന്നില്‍ നിന്നും ചെറുക്കുമെന്ന് യോഗം വ്യക്തമാക്കി.
പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ജില്ലാ പ്രസിഡന്റ് കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി അധ്യക്ഷത വഹിച്ചു. കെഎച്ച് മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.
പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രമേയം അവതരിപ്പിച്ചു. എസ്എച്ച് താഹിര്‍ മൗലവി, പാനിപ്ര ഇബ്‌റാഹീം മൗലവി, എ ആബിദ് മൗലവി, പുലിപ്പാറ റഹ്മത്തുല്ലാ മൗലവി, കെഎച്ച് ഷറഫുദ്ദീന്‍ മൗലവി, കടുവയില്‍ ഷാജഹാന്‍ മൗലവി, മുണ്ടക്കയം ഹുസൈന്‍ മൗലവി, മുഹ്‌യിദ്ദീന്‍ മൗലവി തൊളിക്കോട്, അബ്ദുസ്സമദ് മൗലവി, അര്‍ഷദ് മന്നാനി, നാസിമുദ്ദീന്‍ ബാഖവി പേഴുംമ്മൂട്, നിസാര്‍ മൗലവി മാണിക്കല്‍ എന്നിവര്‍ സംസാരിച്ചു.
