ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി

അനുകൂല നിയമോപദേശം ലഭിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍

Update: 2021-08-04 04:59 GMT

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അനുകൂല നിയമോപദേശം ലഭിച്ചെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പാലോളി കമ്മിറ്റി റിപോര്‍ട്ടിലെ ശിപാര്‍ശകളാണ് മാറി വരുന്ന സര്‍ക്കാറുകള്‍ നടപ്പിലാക്കിയത്. സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടിനെക്കുറിച്ച് അനാവശ്യ വിവാദത്തിന് ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അര്‍ഹരായ എല്ലാവര്‍ക്കും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് ഒരു കുറവും വരില്ല. ആനുകൂല്യങ്ങള്‍ ലഭിക്കാതായി എന്നുള്ള പരാതികള്‍ എങ്ങനെ വന്നുവെന്ന് അറിയില്ല. സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഒരു തലത്തിലുള്ള മറച്ചുവെക്കലും സര്‍ക്കാറിന്റെ ഭാഗത്തില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ മറ്റു ചില താല്‍പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഈ കേസില്‍ സുപ്രീംകോടതിയെ സമീപിച്ചാല്‍ തട്ട് കിട്ടുമെന്ന് നിയമസഭ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

എന്നാല്‍, നിയമസഭ കക്ഷി നേതാവ് ചൂണ്ടിക്കാട്ടിയത് ഭാവി കാര്യങ്ങളാണെന്ന് അത് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സച്ചാര്‍ സമിതി റിപോര്‍ട്ടില്‍ ഇംപ്ലിമെന്റേഷന്‍ സെല്‍ രൂപീകരിക്കണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. സ്‌കോളര്‍ഷിപ്പ് വിവാദം സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കരുത്. സ്‌കോളര്‍ഷിപ്പിനെ പറ്റി പറയുന്നത് മറ്റൊരു രീതിയില്‍ എടുക്കരുതെന്നും എംകെ മുനീര്‍ പറഞ്ഞു.

അതേസമയം, 80:20 അനുപാതത്തിനെതിരേ ഇന്നലെ മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒരു പിന്നാക്ക സമുദായത്തിന് ഭരണഘടനുസൃതമായി ആവിഷ്‌കരിച്ച പദ്ധതികള്‍ മനസ്സിലാക്കുന്നതില്‍ കേരള ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തത്.

എന്നാല്‍, തങ്ങളെ കേള്‍ക്കാതെ ഈ കേസില്‍ ഒരു ഹരജിയും തീര്‍പ്പാക്കരുതെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സുപ്രീം കോടതിയില്‍ തടസ്സ ഹരജിയും ഫയല്‍ ചെയ്തു.