ന്യൂനപക്ഷ കോര്‍പറേഷന്‍ അധ്യക്ഷസ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്; അതൃപ്തി അറിയിച്ച് ഐഎന്‍എല്‍

മന്ത്രി പദവിയ്‌ക്കൊപ്പം പ്രധാനപ്പെട്ട ബോര്‍ഡ്-കോര്‍പറേഷന്‍ പദവികള്‍ കൂടി ഐഎന്‍എല്ലിന് നല്‍കാനാവില്ല എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. സീതാറാം മില്‍സിന്റെ അധ്യക്ഷ സ്ഥാനം നല്‍കിയെങ്കിലും ഇത് അപ്രസക്തമായ ചുമതലയെന്നാണ് ഐഎന്‍എല്‍ നിലപാട്

Update: 2021-11-07 05:31 GMT

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള എല്‍ഡിഎഫ് തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് ഐഎന്‍എല്‍. കാലങ്ങളായി മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പ്രതിനിധിയ്ക്കായി നീക്കിവച്ചിരുന്ന കോര്‍പറേഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള തീരുമാനം സഭയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന വിമര്‍ശനമാണ് ഐഎന്‍എലിന് ഉള്ളതെന്നാണ് റിപോര്‍ട്ടുകള്‍.

ബോര്‍ഡ്, കോര്‍പറേഷന്‍ പദവി ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതില്‍ അതൃപ്തി അറിയിച്ച് ഐഎന്‍എല്‍ നേതാക്കള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നേരിട്ടു കണ്ടിരുന്നു. നേതാക്കളായ എപി അബ്ദുല്‍ വഹാബും കാസിം ഇരിക്കൂറുമാണ് പാര്‍ട്ടിയുടെ അതൃപ്തി നേരിട്ട് അറിയിച്ചത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഐഎന്‍എല്ലില്‍ നിന്ന് തിരിച്ചെടുത്തതും, ഹജ്ജ് കമ്മിറ്റി അംഗത്വം നിരസിച്ചതും നേതാക്കളെ ചൊടിപ്പിച്ചു. എന്നാല്‍, മന്ത്രി പദവിയ്‌ക്കൊപ്പം പ്രധാനപ്പെട്ട ബോര്‍ഡ് കോര്‍പറേഷന്‍ പദവികള്‍ കൂടി ഐഎന്‍എല്ലിന് നല്‍കാനാവില്ല എന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്.

ഐഎല്‍എല്‍ നേതാവ് എപി അബ്ദുല്‍ വഹാബായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ന്യൂനപക്ഷ കോര്‍പറേഷന്‍ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഈ സ്ഥാനം ഉള്‍പ്പെടെ ആറോളം സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കുകയായിരുന്നു. പകരം ഐഎല്‍എല്ലിന് സീതാറാം മില്‍സിന്റെ അധ്യക്ഷ സ്ഥാനം നല്‍കുകയും ചെയ്തു. എന്നാല്‍, അപ്രസക്തമായ ചുമതലയാണ് ഇതെന്ന നിലപാടാണ് ഐഎന്‍എല്ലിനുള്ളത്. ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളുടെ വിഭജനം ഇതിനോടകം എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Tags:    

Similar News