ന്യൂനപക്ഷ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന്; നഷ്ടമായത് ഐഎന്‍എല്ലിന്
കഴിഞ്ഞ തവണ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബ് വഹിച്ചിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമാണ് കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫ് നല്‍കുന്നത്.
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായതായി റിപോര്‍ട്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഐഎന്‍എല്‍ വഹിച്ച സ്ഥാനമാണ് പുതിയതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് നിക്കിവച്ചത്. കഴിഞ്ഞ തവണ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബ് വഹിച്ചിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നീക്കി വയ്ക്കുമ്പോള്‍ വ്യക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണ് എല്‍ഡിഎഫ് നല്‍കുന്നത്. ഇടത് മുന്നണിയിലെ ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച പങ്കുവെയ്പ്പ് പുരോഗമിക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന് ഇതുവരെ ആറ് സ്ഥാനങ്ങള്‍ ലഭിച്ചു.
മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ കഴിഞ്ഞ തവണ വഹിച്ച അത്രയും സ്ഥാനം കൈകാര്യം ചെയ്യും.
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ കഴിഞ്ഞ തവണ ജനതാദള്‍ എസ് കൈകാര്യം ചെയ്തിരുന്ന കേരള വനം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും കേരള കോണ്‍ഗ്രസിന് നീക്കിവച്ചിട്ടുണ്ട്. മുന്നണിയിലെ മറ്റ് കക്ഷികളായ എന്‍സിപി, എല്‍ജെഡി, ജനതാദള്‍ എസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് രണ്ട് വീതം ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങളും ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നീ പാര്‍ട്ടികള്‍ക്ക് ഒരോ സ്ഥാനങ്ങള്‍ നല്‍കാനുമാണ് ധാരണ.
ഈ മാസം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസം പിന്നിടുമ്പോഴാണ് ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളുടെ വിഭജനം പൂര്‍ത്തിയാവുന്നത്. സ്ഥാനങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങളാണ് തീരുമാനം നീളാന്‍ കാരണം. പതിനഞ്ച് ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങളായിരുന്നു പുതിയതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടത്. പിന്നീട് പത്ത് സ്ഥാനങ്ങള്‍ എന്ന് മയപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആറ് സ്ഥാനങ്ങള്‍ എന്ന നിലയില്‍ ധാരണയായത്.
