ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ ചെറിയ പുരോഗതി

Update: 2025-11-30 09:17 GMT

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയുടെ വായു ഗുണനിലവാര സൂചിക ( എക്യൂഐ) ഇന്ന് 'വളരെ മോശം' നിലയില്‍ നിന്ന് 'മോശം' നിലവാരത്തിലേക്ക് കുറഞ്ഞു. ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന എക്യൂഐ ഇന്ന് രാവിലെ 269 ആയി ഇടിഞ്ഞു. എന്നിരുന്നാലും നഗരത്തിലെ ചില മേഖലകളില്‍ വായു ഗുണനിലവാരം ഇപ്പോഴും ഗുരുതരമായ അവസ്ഥയിലാണ്. ഷാദിപൂര്‍ (335), ജഹാംഗീര്‍പുരി (324), നെഹ്‌റു നഗര്‍ (319), ആര്‍ കെ പുരം (307) എന്നിവിടങ്ങളിലെ 'വളരെ മോശം' വിഭാഗത്തിലാണ്. ബവാന (295), രോഹിണി (291), വിവേക് വിഹാര്‍ (289), ആനന്ദ് വിഹാര്‍ (281), സോണിയ വിഹാര്‍ (277) തുടങ്ങിയ പ്രദേശങ്ങളില്‍ എക്യൂഐ 'മോശം' നിലവാരത്തിലാണ് രേഖപ്പെടുത്തിയത്. നഗരത്തിലെ ഏറ്റവും കുറഞ്ഞ എക്യൂഐ 158 ആണ് മന്ദിര്‍ മാര്‍ഗില്‍ രേഖപ്പെടുത്തപ്പെട്ടത്.

വായു മലിനീകരണം തുടര്‍ന്നതിനെ പിന്നാലെ, 2026 ജനുവരിയോടെ നഗരത്തില്‍ ആറു പുതിയ എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. ജെഎന്‍യു, ഇഗ്‌നു, മല്‍ഛ മഹല്‍, ഡല്‍ഹി കാന്റോണ്‍മെന്റ്, കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ്, എന്‍എസ്‌യുടി വെസ്റ്റ് കാമ്പസ് എന്നിവിടങ്ങളിലാണ് പുതിയ നിരീക്ഷണ കേന്ദ്രങ്ങള്‍ വരുന്നത്. അതേസമയം, നവംബര്‍ മാസത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില ഡല്‍ഹി അനുഭവിച്ചതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റിപോര്‍ട്ട് ചെയ്തു. ഈ നവംബറില്‍ ശരാശരി കുറഞ്ഞ താപനില 11.5C ആയി, 2024ലെ 14.7C ആയിരുന്നു ശരാശരി കുറഞ്ഞ താപനില. 2025 നവംബറിലെ ശരാശരി പരമാവധി താപനില 27.7C ആയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 29.4C ആയിരുന്നു.

Tags: