വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ട് വിദേശ ഏജന്‍സികള്‍; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി വിദേശ ഏജന്‍സികള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും ലക്ഷ്യമിടുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രതിരോധം, വിദേശകാര്യങ്ങള്‍, സൈനികാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശ ശക്തികള്‍ വ്യാപകമായ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇന്ത്യയിലെ തന്ത്രപ്രധാന സൈനിക വിന്യാസം, പ്രതിരോധ സംഭരണം, നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളെ സമീപിക്കുന്നതാണ് പ്രധാന രീതി. അക്കാദമിക് ഗവേഷണം എന്ന വ്യാജേനയാണ് ഇത്തരം സമീപനങ്ങള്‍ നടക്കുന്നതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
വിദേശ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളെന്ന വ്യാജേന ലിങ്ക്ഡ്ഇന്‍, നൗകരി തുടങ്ങിയ തൊഴില്‍ പോര്‍ട്ടലുകള്‍ വഴിയാണ് കണ്ടെത്തുന്നത്. തയ്യാറാക്കുന്ന ലേഖനങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ വിദേശ പണമിടപാടുകള്‍ വഴിയോ പ്രതിഫലം നല്‍കുന്ന രീതിയും കണ്ടെത്തിയിട്ടുണ്ട്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് അതുപയോഗിച്ച് സൈബര്‍ തട്ടിപ്പുകള്‍ നടത്താനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം ചതിക്കുഴികളില്‍ വിദ്യാര്‍ഥികളും അധ്യാപകരും വീഴാതിരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. മാധ്യമ പ്രവര്‍ത്തനത്തിലോ പ്രതിരോധ മേഖലയിലോ മുന്‍പരിചയമുള്ളവരെയാണ് വിദേശ ഏജന്‍സികള്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും, അപരിചിതമായ ഇടപാടുകളെയും വ്യക്തികളെയും സംബന്ധിച്ച് അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഭ്യര്‍ഥിച്ചു.
