മന്ത്രിമാരുടെ പരിശീലന പരിപാടി തുടങ്ങി; ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Update: 2021-09-20 06:11 GMT

തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണ കാര്യങ്ങളില്‍ മന്ത്രിമാരെ പോലെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ലൈഫ് എന്ന ആശയം മുന്നോട്ട് വച്ചത് ഒരുദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി മന്ത്രിമാരെ ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം ഐഎംജിയില്‍ മന്ത്രിമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണകാര്യങ്ങളില്‍ പക്ഷപാതിത്വം പാടില്ല. രാഷ്ട്രീയത്തിലും സമൂഹത്തിലും സര്‍ക്കാറിനെ അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുമുണ്ടാകും. എന്നാല്‍ അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വവും പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാര്‍ നൂറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഭരണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന മന്ത്രിമാര്‍ക്കുള്ള പരിശീലന പരിപാടി നടത്തുന്നത്.

മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെ കുറിച്ച് മന്ത്രിമാര്‍ക്ക് അവബോധം ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഭരണകാര്യങ്ങളില്‍ പ്രകടനം മെച്ചപ്പെടത്തുന്നതിന് മന്ത്രിമാര്‍ക്ക് ക്ലാസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനമെടുത്തത്. ഭരണരംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വകുപ്പുകളെ കുറിച്ചുമാണ് പരിശീലന പരിപാടി. വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും, മുന്‍ ചീഫ് സെക്രട്ടറിമാരും ക്ലാസുകള്‍ നയിക്കും. ഉദ്യോഗസ്ഥരെ വിശ്വസിച്ച് മന്ത്രിമാര്‍ അബദ്ധങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ കൂടിയാണ് നടപടിയെന്നാണ് വിലയിരുത്തല്‍. മന്ത്രിമാര്‍ പുതുമുഖങ്ങളായതിനാല്‍ മതിയായ പരിശീലനം വേണമെന്ന ചര്‍ച്ച ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ശില്‍പശാല.


Tags: