പരീക്ഷാഭവനില്‍ ഫോണ്‍ എടുക്കുന്നില്ല: ഇനിമേല്‍ പരാതി ഉണ്ടാകരുത്; മിന്നല്‍ സന്ദര്‍ശനത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി മന്ത്രി
ഇത്തരത്തിലുള്ള പരാതി ഇനിമേല്‍ ഉണ്ടാകരുതെന്നും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു
തിരുവനന്തപുരം: ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയെതുടര്‍ന്ന് തിരുവനന്തപുരം പരീക്ഷാഭവനില്‍ മന്ത്രി വി ശിവന്‍കുട്ടി മിന്നല്‍ സന്ദര്‍ശനം നടത്തി. ഓഫിസലേക്ക് വിളിക്കുന്ന അപേക്ഷകര്‍ക്കും പരാതിക്കാര്‍ക്കും വേണ്ട വിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനില്‍ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പരീക്ഷാഭവനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
പരീക്ഷാഭവനില്‍ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
മന്ത്രി എത്തിയതറിഞ്ഞ് റിസപ്ഷനില്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികള്‍ ചൂണ്ടിക്കാട്ടി. അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കൂടുതല്‍ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ ടെലിഫോണ്‍ ലൈനുകള്‍ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഇത്തരത്തിലുള്ള പരാതി ഇനിമേല്‍ ഉണ്ടാകരുതെന്നും അതിനു വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വേണ്ട നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിയ്ക്ക് ഉറപ്പു നല്‍കി. റിസപ്ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിര്‍ദേശം കൂടി നല്‍കിയാണ് മന്ത്രി മടങ്ങിയത്.
