തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. അതിജീവിതയുടെ പോരാട്ടത്തില്‍ സര്‍ക്കാര്‍ എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ്. വിധിയുടെ പൂര്‍ണരൂപം വരട്ടെ, ബാക്കി കാര്യങ്ങള്‍ ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദിലീപിനെ കോടതി വെറുതെ വിട്ടു. ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാര്‍ എന്ന് കോടതി കണ്ടെത്തി. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍ ബി, വിജീഷ് വി , വടിവാള്‍ സലിം എന്നിവരാണ് പ്രതികള്‍
കേസിലെ മുഖ്യസൂത്രധാരനായിരുന്നു ദിലീപെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. നടിയെ അവരുടെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാനും വീഡിയോ പകര്‍ത്താനും പള്‍സര്‍ സുനി അടക്കമുള്ളവരെ 1 കോടി രൂപയ്ക്ക് ''ക്വോട്ടേഷന്‍'' നല്‍കി ഏല്‍പ്പിച്ചുവെന്നായിരുന്നു ആരോപണം. ദിലീപിന് നടി കാവ്യ മാധവനുമായി അവിഹിത ബന്ധമുണ്ടെന്ന് യുവനടി ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ചു വാര്യരോട് പറഞ്ഞു എന്നതായിരുന്നുവത്രെ പകയ്ക്ക് കാരണം. 2016-ല്‍ ഇതേ കാര്യത്തില്‍ ദിലീപും മഞ്ചുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. പള്‍സര്‍ സുനിയും സംഘവും പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് കണ്ടെന്നും മറ്റു ചിലരെ കാണിച്ചെന്നും ആരോപണം ഉയര്‍ന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് കണ്ടെത്തിയെന്നും പോലിസ് അവകാശപ്പെട്ടു. ജോലി കഴിഞ്ഞെന്നും പണം തരണമെന്നും ഈ കത്തില്‍ പറയുന്നുണ്ടത്രെ. എന്നാല്‍, ദിലീപ് ഇവയെല്ലാം നിഷേധിച്ചു. ''പോലീസും ഒരു വിഭാഗം മാധ്യമങ്ങളും ചേര്‍ന്ന് എന്നെ കുടുക്കി'' എന്നായിരുന്നു ദിലീപിന്റെ നിലപാട്.
