കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് രണ്ടു കാരണങ്ങളാണുള്ളത്. ആദ്യത്തേത് സര്‍ക്കാര്‍ ഈ മേഖലയ്ക്ക് നല്‍കുന്ന പിന്തുണയാണ്. രണ്ടാമത്തേത് പൊതുസമൂഹത്തിന്റെ ഇടപെടലുമാണ്. ഇക്കാരണങ്ങളാലാണ് ഇത്രയും മികച്ച വിജയം സ്‌കൂളിന് കൈവരിക്കാന്‍ സാധിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അതിനുകാരണം നാം ഉണ്ടാക്കിയ വിദ്യാഭ്യാസ സംസ്‌ക്കാരവും പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യമാണെന്ന് മന്ത്രി പറഞ്ഞു. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിജയോത്സവവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഘോഷ വേളയില്‍ ചേരാനായതില്‍ സന്തോഷമുണ്ട്. വരും വര്‍ഷങ്ങളില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയമാണ് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൈവരിച്ചത്. പരീക്ഷ എഴുതിയ 315 പേരും ജയിച്ചതിനൊപ്പം പ്ലസ് ടു പരീക്ഷാഫലത്തിലും കൂടുതല്‍ ഉയര്‍ന്ന റാങ്കുകള്‍ സ്‌കൂളിന് നേടാനായി. ഉന്നത വിജയികള്‍ക്കുള്ള മൊമന്റോ വിതരണം മന്ത്രി നിര്‍വഹിച്ചു.
ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം സി.എം ബാബു, വൈസ് പ്രസിഡന്റ് ടി.പി റീന, ബ്ലോക്ക് പഞ്ചായത്തംഗം വഹീദ പാറേമ്മല്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ആര്‍.ബി കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍.ഡി.ഡി ഡോ.പി എം അനില്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി സ്വാഗതവും ഹെഡ്മാസ്റ്റര്‍ വി അനില്‍ നന്ദിയും പറഞ്ഞു.
